മുസ്ലിം സ്ത്രീകളെ വില്പനയ്ക്ക് വച്ച് വിദ്വേഷ പ്രചാരണം നടത്തിയ ബുള്ളി ബായ് ആപ്പ് നിര്‍മിച്ചയാള്‍ അറസ്റ്റില്‍. നീരജ് ബിഷ്‌ണോയ് എന്നയാളെ അസമില്‍ നിന്ന് ഡല്‍ഹി പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം നാലായി. നേരത്തെ മുഖ്യ പ്രതിയായ 18കാരി യുവതിയടക്കമുള്ളവര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വച്ച് പിടിയിലായിരുന്നു. വിശാല്‍ കുമാര്‍ ഝാ എന്ന 21കാരനായ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയാണ് ആദ്യം പിടിയിലായത്. പിന്നീട് ശ്വേത സിങ് എന്ന 18കാരിയും മായങ്ക് റാവല്‍ എന്ന 21കാരനും അറസ്റ്റിലായി. വിശാലിനെ ബെംഗളൂരുവില്‍ വച്ചും മറ്റ് രണ്ട് പേരെ ഉത്തരാഖണ്ഡില്‍ വച്ചുമാണ് പിടികൂടിയത്. സംഭവത്തിനു പിന്നില്‍ വലിയ സംഘമുണ്ടെന്നും എല്ലാവരെയും പിടികൂടുമെന്നും മഹാരാഷ്ട്ര ആഭ്യന്തര സഹമന്ത്രി സതേജ് പാട്ടീല്‍ പറഞ്ഞിരുന്നു.