വിക്കി കൗശലിന്റേതായി ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ‘സാം ബഹദുര്‍’. ഇന്ത്യയുടെ ആദ്യത്തെ ഫീല്‍ഡ് മാര്‍ഷല്‍ ആയ സാം മനേക് ഷാ ആയാണ് വിക്കി കൗശല്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിലെ വിക്കി കൗശലിന്റെ ലുക്ക് ഓണ്‍ലൈനില്‍ തരംഗമായിരുന്നു. മേഘ്‍ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ചിത്രം 01.12.2023ന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചു.
ഇന്ത്യയുടെ എക്കാലത്തെയും തന്ത്രശാലിയായ സൈനികനായി അറിയപ്പെടുന്ന ആളാണ് മനേക് ഷാ. 1971ലെ യുദ്ധത്തില്‍ പക്കിസ്ഥാനെതിരെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത് മനേക് ഷായാണ്. 1973ല്‍ രാജ്യം ഫീല്‍ഡ് മാര്‍ഷല്‍ പദവി നല്‍കി ആദരിച്ചു. മനേക് ഷായ്‍ക്ക് പുറമേ, ഇന്ത്യയുടെ കരസേന മേധാവിയായ കെ എം കരിയപ്പയ്‍ക്ക് മാത്രമാണ് ഫീല്‍ഡ് മാര്‍ഷല്‍ പദവിയുള്ളത്.
‘ഗോവിന്ദ നാം മേരാ’ എന്ന ചിത്രമാണ് ഇനി വിക്കി കൗശലിന്റേതായി ഉടൻ റിലീസ് ചെയ്യാനുള്ളത്. ശശാങ്ക് ഖെയ്‍താനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിക്കി കൗശല്‍ ചിത്രം ഡിസംബര്‍ 16ന് സ്‍ട്രീമിംഗ് തുടങ്ങും. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുക.
വിക്കി കൗശല്‍ ചിത്രമായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് ‘സര്‍ദാര്‍ ഉദ്ധ’മാണ്. ഷൂജിത് സിര്‍കാറാണ് ചിത്രം സംവിധാനം ചെയ്‍തത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്. ‘സര്‍ദാര്‍ ഉദ്ധ’മെന്ന ചിത്രത്തില്‍ സ്വാതന്ത്ര്യസമര സേനാനിയായിരുന്ന ഉദ്ധം സിംഗ് ആയിട്ടാണ് വിക്കി കൗശല്‍ അഭിനയിച്ചത്. 1919ലെ ക്രൂരമായ ജാലിയൻവാലാബാഗ് കൂട്ടക്കൊലയെ ന്യായീകരിച്ച മൈക്കിള്‍ ഒ ഡ്വിയറെ വെടിവെച്ച് കൊന്ന സ്വാതന്ത്ര്യസമര സേനാനിയായിരുന്നു ഉദ്ധം സിംഗ്. ‘സര്‍ദാര്‍ ഉദ്ധ’മെന്ന ചിത്രത്തിനായി വിക്കി കൗശല്‍ പതിമൂന്ന് കിലോയോളം കുറച്ചത് വാര്‍ത്തയായിരുന്നു. ഉദ്ധം സിംഗിന്റെ യുവാവായിട്ടുള്ള വേഷത്തിലും വിക്കി കൗശല്‍ തന്നെയാണ് ചിത്രത്തില്‍ അഭിനയിച്ചിരുന്നത്.