ലഖ്നൗ: പതഞ്ജലിയുടെ പേരിൽ ബാബാ രാംദേവ് വ്യാജ നെയ്യ് വിൽക്കുകയാണെന്ന് ബിജെപി എംപി ബ്രിജ്ഭൂഷൺ ശരൺ സിങ്. രാംദേവിനെതിരെ രൂക്ഷമായ ആക്രമണമാണ് കൈസർഗഞ്ച് എംപി നടത്തിയത്. പതഞ്ജലി ബ്രാൻഡിൽ ‘വ്യാജ നെയ്യ്’ വിൽക്കുകയാണെന്നും യോഗാഭ്യാസമായ ‘കപാൽ ഭാട്ടി’യെ തെറ്റായ രീതിയിൽ ബാബാ രാംദേവ് പഠിപ്പിക്കുകയാണെന്നും ഇത് യോഗ അഭ്യസിക്കുന്നവരെ പ്രതികൂലമായി ബാധിക്കുമെന്നും എംപി ആരോപിച്ചു.
മാർക്കറ്റിൽനിന്ന് നെയ്യ് വാങ്ങുന്നതിന് പകരം പശുവിനെയോ എരുമയെയോ വീട്ടിൽ വളർത്താനും ബ്രിജ് ഭൂഷൺ ഉപദേശിച്ചു. ദുർബലന്റെ കുട്ടി ദുർബലനായി ജനിക്കുന്നു. ആരോഗ്യമുള്ള ആളുടെ കുട്ടി ആരോഗ്യത്തോടെ ജനിക്കുന്നു.ആരോഗ്യത്തോടെയിരിക്കാൻ വീടുകളിൽ ശുദ്ധമായ പാലും നെയ്യും ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്. മഹർഷി പതഞ്ജലിയുടെ പേരിലുള്ള ചൂഷണം അവസാനിപ്പിക്കാൻ ഞാൻ ഉടൻ തന്നെ ദർശകരുടെയും സന്യാസിമാരുടെയും യോഗം വിളിക്കും. രാംദേവിന്റെ അനുയായികൾ വിൽക്കുന്ന വ്യാജ പാൽ ഉൽപന്നങ്ങൾക്കെതിരെ സന്ന്യാസിമാരുടെ പിന്തുണ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. വ്യാജ നെയ്യിനെക്കുറിച്ചുള്ള തന്റെ പ്രസ്താവനയിൽ രാംദേവ് തനിക്ക് വക്കീൽ നോട്ടീസ് അയച്ചു. മാപ്പ് പറയണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. എന്നാൽ, ഒരിക്കലും മാപ്പ് പറയില്ല. പറഞ്ഞതിൽ ഉറച്ചുനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ച് യോഗഗുരു ബാബ രാംദേവ് നടത്തിയ പ്രസ്താവന വിവാദമായിരുന്നു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യ അമൃത ഫഡ്‌നാവിസിന്റെ സാന്നിധ്യത്തിൽ നടന്ന ഒരു പരിപാടിയിലായിരുന്നു രാംദേവിന്റെ പ്രസ്താവന. സ്ത്രീകൾ ഒന്നും ധരിച്ചില്ലെങ്കിലും സുന്ദരികളായിക്കുമെന്നാണ് രാംദേവ് പറഞ്ഞത്.
വെള്ളിയാഴ്ച മഹാരാഷ്ട്രയിലെ താനെയിൽ ഒരു യോഗ പരിശീലന പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ടാണ് യോഗ ഗുരുവിന്‍റെ വിവാദ പ്രസ്താവന. “സ്ത്രീകൾ സാരിയില്‍ സുന്ദരികളാണ്, അവർ സൽവാർ സ്യൂട്ടുകളിൽ കാണാന്‍ വളരെ നല്ലതാണ്, എന്റെ കാഴ്ചപ്പാടിൽ, അവർ എന്നെപ്പോലെ ഒന്നും ധരിച്ചില്ലെങ്കിലും അവർ നന്നായിരിക്കുമെന്നും രാംദേവ് പറഞ്ഞു.