ദില്ലി : കോൺഗ്രസ് നേതാവും ഗായകനുമായ സിദ്ധു മൂസെവാല വധക്കേസിലെ സൂത്രധാരൻ ഗോൾഡി ബ്രാർ കസ്റ്റഡിയിൽ എന്ന് സൂചന. ഇയാൾ കാലിഫോർണിയയിൽ പിടിയിലായതായാണ് വിവരം. കനേഡിയൻ ഗുണ്ടാ നേതാവാണ് ഗോൾഡി ബ്രാർ. നവംബർ 20ന് ഇയാൾ എഫ്ബിഐയുടെ പിടിയിൽ ആയതായാണ് റിപ്പോർട്ട് പുറത്തുവരുന്നത്. ഗോൾഡി ബ്രാറിനെ വിട്ടുകിട്ടാൻ എൻ ഐ എ ശ്രമം നടത്തും.
കഴിഞ്ഞ മെയ് 29 നാണ് കോൺഗ്രസ് നേതാവും ഗായകനുമായ സിദ്ധു മൂസെവാല വെടിയേറ്റ് മരിച്ചത്. സുരക്ഷ എഎപി സർക്കാർ പിൻവലിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ മൂസെ വാലയോടൊപ്പം വാഹനത്തിലുണ്ടായിരുന്ന ബന്ധുവിനും പരിക്കേറ്റിരുന്നു. മൂസെവാലയെ കൊലപ്പെടുത്തിയത് ആറു പേർ ചേർന്നാണെന്നും ഉപയോഗിച്ചത് എകെ 47 ആണെന്നും ദില്ലി പൊലീസ് കണ്ടെത്തിയിരുന്നു.
കൊലപാതകത്തിന് പിന്നാലെ പഞ്ചാബ് സർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു. എഎപി സർക്കാർ മനപൂർവ്വം സുരക്ഷ പിൻവലിച്ച് ആക്രമണം നടത്താനുള്ള സാഹചര്യം സൃഷ്ടിക്കുകയായിരുന്നുവെന്നായിരുന്നു പ്രതിപക്ഷ പാർട്ടികളുടെ ആരോപണം. ഇരുപത്തിയെട്ടുകാരനായ മൂസെവാല പഞ്ചാബ് റാപ്പ് ഗാനലോകത്തെ മിന്നും താരമായിരുന്നു. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മാന്‍സയില്‍ നിന്ന് മത്സരിച്ചിരുന്നെങ്കിലും ആം ആദ്മി പാര്‍ട്ടിയുടെ ഡോ. വിജയ് സിംഗ്ലയോട് പരാജയപ്പെട്ടു.