കണ്ണൂര്‍: തലശ്ശേരിയിൽ ഇരട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി ഉൾപ്പെടെ അഞ്ച് പേരെ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിൽ വിട്ടു. ലഹരി വിൽപന ചോദ്യം ചെയ്തതിന് കഴിഞ്ഞ 23 ന് വൈകീട്ടാണ് നിട്ടൂർ സ്വദേശികളായ ഖലീദും ഷമീറും അഞ്ചംഗ സംഘത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഷമീർ സിപിഎം ബ്രാഞ്ച് അംഗവും ഖാലിദ് പാർട്ടി അനുഭാവിയുമായിരുന്നു.
കേസിലെ മുഴുവൻ പ്രതികളെയും പൊലീസ് പിടികൂടിയിട്ടുണ്ട്. കേസിലെ മുഖ്യപ്രതി പാറായി ബാബു അടക്കമുള്ളവരെ കൂടുതൽ ചോദ്യം ചെയ്ത് പ്രതികളുടെ ലഹരി ബന്ധം വിശദമായി അന്വേഷിക്കുകയാണ് ക്രൈംബ്രാഞ്ചിന്റെ ലക്ഷ്യം. തലശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് മൂന്ന് ദിവസത്തെ കസ്റ്റഡി അനുവദിച്ചത്. പ്രതികളുമായി നാളെ തെളിവെടുപ്പ് നടത്തും.
കഴിഞ്ഞ മാസം, തലശ്ശേരി സഹകരണ ആശുപത്രിക്ക് സമീപമാണ് സംഘർഷമുണ്ടായത്. സി പി എം അംഗവും നിട്ടൂർ സ്വദേശിയുമായ ഷമീർ, ബന്ധു ഖാലിദ്, ഷാനിബ് എന്നിവർക്ക് കുത്തേൽക്കുകയായിരുന്നു. നിട്ടൂർ പ്രദേശത്ത് കുറച്ച് കാലങ്ങളായുള്ള ലഹരി വിൽപ്പന ഷെമീറിന്റെ മകൻ ഷബീൽ ചോദ്യം ചെയ്തതാണ് പ്രശ്നങ്ങളുടെ തുടക്കം. ലഹരി മാഫിയയുടെ മർദ്ദനമേറ്റ ഷബീൽ ചികിത്സയിൽ തുടരുകയായിരുന്നു. ഈ വിഷയം സംസാരിച്ച് ഒത്തു തീർക്കാനെന്ന വണ്ണമാണ് പ്രതികൾ ഷെമീറിനെ വിളിച്ച് വരുത്തിയത് പിന്നീടുണ്ടായ സംഘർഷം കൊലപാതകത്തിലേക്ക് നയിച്ചു.
മയക്ക് മരുന്നിനും ലഹരിക്കുമെതിരെ സർക്കാർ തുടർച്ചയായ ബഹുജന ക്യാമ്പയിൻ നടത്തുന്നതിനിടെ നടന്ന അരുംകൊല നാടിനെ നടുക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവനയിൽ പറഞ്ഞിരുന്നു. കുറ്റവാളികൾക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും മരിച്ചവരുടെ ബന്ധുക്കൾക്ക് കൈതാങ്ങ് ആവേണ്ടതുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു.