കോയമ്പത്തൂർ : പില്ലൂർ അണക്കെട്ടിനുസമീപം ചുണ്ടപ്പട്ടി വില്ലേജിലെ 33കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ മലയാളികളായ രണ്ടുപേരെ പില്ലൂർ പോലീസ് അറസ്റ്റുചെയ്തു. മണ്ണാർക്കാട് തെങ്കര സ്വദേശി അനീഷ് (25), അട്ടപ്പാടി ചാവടിയൂർ കീഴ്മുള്ളി സ്വദേശി രാജേഷ് (22) എന്നിവരെയാണ് നാട്ടുകാർ പിടികൂടി പോലീസിലേല്പിച്ചത്. ആദിവാസി വിഭാഗത്തിൽപ്പെട്ട യുവതി തോട്ടത്തിൽ കുരങ്ങുകളെ ഓടിക്കുന്നതിനിടെ ഇരുചക്രവാഹനത്തിൽ എത്തിയ ഇരുവരും കത്തികാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. യുവതിയുടെ നിലവിളികേട്ട് ഭർത്താവും മറ്റും ഓടിയെത്തുമ്പോഴേക്കും ഇരുവരും വാഹനത്തിൽ രക്ഷപ്പെട്ടിരുന്നു. ഇവർ വിവരമറിയിച്ചതിനെത്തുടർന്ന് അത്തിക്കടവ് ഭാഗത്തുനിന്ന് നാട്ടുകാർ ഇരുവരെയും പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാന്റ് ചെയ്തു.