ന്യൂഡൽഹി ∙ ഹിന്ദു പെൺകുട്ടികളെ 18 വയസ്സിൽത്തന്നെ വിവാഹം കഴിപ്പിക്കണമെന്നും ജനസംഖ്യാ വർധനവിന് ഹിന്ദുക്കൾ മുസ്‌ലിംകളുടെ വഴി പിന്തുടരണമെന്നും വിവാദ പ്രസ്താവനയുമായി അസമിൽനിന്നുള്ള എംപിയും ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഐയുഡിഎഫ്) നേതാവുമായ ബദ്‌റുദീൻ അജ്മൽ. വാർത്താ ഏജൻസിയായ എഎൻഐക്കു നൽകിയ അഭിമുഖത്തിലാണ് അജ്മലിന്റെ പരാമർശം.
‘‘ഹിന്ദുക്കൾ ശരിയായ സമയത്തു വിവാഹം കഴിക്കുന്നില്ല. അവർക്കു രണ്ടോ മൂന്നോ ബന്ധങ്ങളുണ്ടാകും. പക്ഷേ വിവാഹം കഴിക്കില്ല. ഒടുവിൽ 40 വയസ്സാകുമ്പോൾ കുടുംബക്കാരുടെ സമ്മർദം മൂലം വിവാഹം കഴിക്കും. അപ്പോഴെങ്ങനെ കുട്ടികളുണ്ടാകും? മുസ്‌ലിം പെൺകുട്ടികൾ 18 വയസ്സിൽത്തന്നെ വിവാഹിതരാകും. ആൺകുട്ടികൾ 22 വയസ്സിൽ വിവാഹം കഴിക്കും. ഇന്ത്യൻ സർക്കാർ അത് അനുവദിക്കുന്നുണ്ട്. അതുകൊണ്ടാണ് ഞങ്ങളുടെ ജനസംഖ്യ വർധിക്കുന്നത്. ഹിന്ദുക്കളും ഇതു പിന്തുടരണം. പെൺകുട്ടികളെ 18 വയസ്സിൽത്തന്നെ വിവാഹം കഴിപ്പിക്കണം. ഫലഭൂയിഷ്ഠമായ ഭൂമിയിലേ കൃഷി നടക്കൂ’’ അജ്മൽ പറഞ്ഞു.
അജ്മലിന്റെ പ്രസ്താവനയ്ക്കെതിരെ ബിജെപി രംഗത്തെത്തി. അജ്മലിന്റെ പ്രസ്താവന അദ്ദേഹത്തിന്റെ അമ്മയെയും സഹോദരിയെയും പോലും കുറ്റക്കാരാക്കുന്നതാണെന്ന് ബിജെപി എംഎൽഎ ദിഗന്ത കലിത പറഞ്ഞു. ‘‘ഇത്തരം പ്രസ്താവനകൾ ഇവിടെ നടക്കില്ല. രാഷ്ട്രീയത്തിനു വേണ്ടി തരംതാഴരുത്. നിങ്ങളുടെ അമ്മയുടെയും സഹോദരിയുടെയും അന്തസ്സിനുമേൽ ചവിട്ടരുത്. ഹിന്ദുക്കൾക്ക് ബംഗ്ലദേശികളുടെ ഉപദേശം ആവശ്യമില്ല’’ – കലിത പറഞ്ഞു.