ജയ്പൂർ: മൊബൈൽ ഫോൺ അമിതമായി ഉപയോഗിച്ചതിന് അച്ഛൻ വഴക്കു പറഞ്ഞതിന് പിന്നാലെ ജീവനൊടുക്കി പതിനഞ്ചു വയസുകാരി. രാജസ്ഥാനിലെ കോട്ടയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി കൃപാൻഷിയാണ് ആത്മഹത്യ ചെയ്തത്. ശനിയാഴ്ച രാത്രി കോട്ട നഗരത്തിലെ ബോറെഖേഡ പൊലീസ് സ്‌റ്റേഷൻ പരിധിയിലുള്ള ബജ്‌റംഗ് നഗർ ഏരിയയിലാണ് സംഭവം. പത്താം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയുടെ ഫോൺ ഉപയോഗം കൂടുതലാണെന്ന് പറഞ്ഞ് പിതാവ് മൊബൈൽ ഫോൺ വാങ്ങിവെക്കുകയും കുട്ടിയെ ശകാരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടി ജീവനൊടുക്കിയതെന്നാണ് ബോറെഖേഡ പൊലീസ് വ്യക്തമാക്കുന്നത്.
ശനിയാഴ്ച വൈകിട്ട് കൃപാൻഷി ഏറെ നേരം മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് പിതാവിന്റെ ശ്രദ്ധയിൽ പെടുകയായിരുന്നു. ഫോൺ ഉപയോഗിച്ചതിന് പിതാവ് കൃപാൻഷിയെ ശാസിക്കുകയും പഠനത്തിന് കൂടുതൽ സമയം ചെലവഴിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. പത്താം ക്ലാസുകാരിയാണ്, ഇങ്ങനെ അലസത പാടില്ല, മൊബൈൽ മാറ്റി വെച്ച് പഠിക്കാൻ നോക്കണമെന്ന് അച്ഛൻ മകളെ ശകാരിച്ചു. ഇതിൽ മനംനൊന്ത് പെൺകുട്ടി മുറിയിൽ കയറി വാതിലടച്ചു. രാത്രി എട്ട് മണിയോടെ വീട്ടുകാർ മകളെ ഭക്ഷണം കഴിക്കാൻ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല.
ഇതോയെ വീട്ടുകാർ വാതിൽ തകർത്ത് അകത്ത് കയറിപ്പോഴാണ് ഫാനിൽ തൂങ്ങിയ നിലയിൽ കൃപാംഷിയെ കണ്ടെത്തുന്നത്. ഉടനെ തന്നെ വീട്ടുകാർ പെൺകുട്ടിയെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തതായി കോട്ട പൊലീസ് എസ്എച്ച്ഒ ജിതേന്ദ്ര സിംഗ് പറഞ്ഞു. സംഭവത്തിൽ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. ഇന്ത്യയുടെ കോച്ചിങ്ങ് ഹബ്ബ് എന്നറിയപ്പെടുന്ന കോട്ടയിൽ പഠനഭാരം മൂലം കഴിഞ്ഞ വർഷം മാത്രം 23 വിദ്യാർത്ഥികളാണ് ആത്മഹത്യ ചെയ്തത്.