മുംബൈ : 16 വയസുകാരനെ വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മൊബൈല്‍ ഫോണ്‍ മാതാപിതാക്കള്‍ വാങ്ങിവെച്ചതാണ് കുട്ടി ആത്മഹത്യ ചെയ്യാനുള്ള കാരണമായി പറയുന്നത്. എപ്പോഴും ഫോണില്‍ ഗെയിം കളിക്കുന്ന കുട്ടി ഫോണിന് അടിമയായി മാറിയെന്ന് മനസിലാക്കിയാണ് മാതാപിതാക്കള്‍ നിയന്ത്രിക്കാന്‍ ശ്രമിച്ചത്. മുംബൈയിലെ മല്‍വാനിയിലാണ് വെള്ളിയാഴ്ച രാവിലെ സംഭവം നടന്നത്. അസ്വഭാവിക മരണത്തിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രായപൂര്‍ത്തിയാവാത്ത വ്യക്തിയായതിനാല്‍ കുട്ടിയുടെ മറ്റ് വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. മല്‍വാനിയിലെ വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പമാണ് കുട്ടി താമസിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.
നവംബര്‍ 16ന് രാത്രി കുട്ടിയും അച്ഛനും തമ്മില്‍ ഫോണ്‍ ഉപയോഗത്തെച്ചൊല്ലി തര്‍ക്കമുണ്ടായി. ഇതിന് പിന്നാലെ അച്ഛന്‍ മൊബൈല്‍ ഫോണ്‍ വാങ്ങി വെച്ചു. ഫോണിലെ ഗെയിം കളി അവസാനിപ്പിച്ച് പോയി കിടന്നുറങ്ങാനും അച്ഛന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ കുട്ടി സങ്കടപ്പെട്ടിരിക്കുകയായിരുന്നു. നേരത്തെയും ഇതുപോലെ മാതാപിതാക്കള്‍ ഫോണ്‍ വാങ്ങി വെച്ചിരുന്നു. അപ്പോഴും സ്വയം അപായപ്പെടുത്തുമെന്ന് കുട്ടി ഭീഷണി മുഴക്കിയിരുന്നതായി മാതാപിതാക്കള്‍ പറഞ്ഞു.