മലപ്പുറം : ബംഗാൾ സ്വദേശിക്കൊപ്പം താമസിച്ചിരുന്ന പതിനാറുകാരിയെ ചൈൽഡ് ലൈൻ പ്രവർത്തകർ കണ്ടെത്തി. ബംഗാളിൽ നിന്ന് കാണാതായ പെൺകുട്ടിയെ മലപ്പുറം വാഴക്കാടാണ് കണ്ടെത്തിയത്. യുവാവ് ബംഗാളിൽ പോയി തിരിച്ചു വന്നപ്പോൾ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയേയും കൂട്ടികൊണ്ടുവരികയായിരുന്നു. ഗർഭിണിയായ പെൺകുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
നാഷണൽ റൈറ്റ്സ് കമ്മീഷന് കിട്ടിയ ഒരു ഇ-മെയിലിൽ നിന്നാണ് സംഭവങ്ങളുടെ തുടക്കം. ഉടൻ തന്നെ മെയിൽ ചൈൽഡ് ലൈന് കൈമാറുകയും മൂന്ന് മണിക്കൂറുകൾക്കകം പെൺകുട്ടിയെ കണ്ടെത്തുകയുമായിരുന്നു. വാഴക്കാട് പോലീസ് സ്റ്റേഷന്റെ സഹായത്തോടെ ആദ്യം ലോഡ്ജുകളിലും മറ്റും തെരഞ്ഞെങ്കിലും കണ്ടെത്താനായില്ലെന്ന് ചൈൽഡ് ലൈൻ പ്രവർത്തകൻ പറഞ്ഞു. പിന്നീടാണ് വാടക വീട്ടിൽ നിന്ന് പെൺകുട്ടിയെ കണ്ടെത്തിയത്. പെൺകുട്ടിയുമായി സംസാരിച്ചപ്പോഴാണ് നാസറുദ്ദീൻ എന്നൊരു വ്യക്തി കൊണ്ടുവന്നതാണെന്ന് പറയുന്നത്. മൂന്ന് മാസമായി പെൺകുട്ടി ഇവിടെ താമസിക്കുകയാണ്. തങ്ങൾ വിവാഹിതരാണെന്നും താൻ ഒരു മാസം ഗർഭിണിയാണെന്നും പെൺകുട്ടി അറിയിച്ചതായും ചൈൽഡ് ലൈൻ പ്രവർത്തകൻ പറയുന്നു.