പാലാ : സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട 17-കാരിയെ പ്രണയംനടിച്ച് കോട്ടയം റെയിൽവേ സ്റ്റേഷനിലെ ആളൊഴിഞ്ഞ ബോഗിയിൽവെച്ച് പീഡിപ്പിക്കുകയും ബംഗാളിലേക്ക് കടത്തിക്കൊണ്ടുപോകുവാൻ ശ്രമിക്കുകയും ചെയ്ത ബംഗാൾ സ്വദേശി പിടിയിൽ. മുഷിഗഞ്ച് സ്വദേശിയായ എയ്നൂൾ ഹഖ് (20) ആണ് പിടിയിലായത്. വർഷങ്ങളായി പാലായിൽ താമസിച്ച് ജോലിചെയ്ത് ജീവിക്കുന്ന ബംഗാൾ സ്വദേശികളുടെ മകളെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ടത്.
പ്രണയദിനമായ തിങ്കളാഴ്ച പെൺകുട്ടിക്ക് സന്ദേശങ്ങൾ അയയ്ക്കുകയും ഒപ്പം വരാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. പെൺകുട്ടിയുടെ മാതാപിതാക്കൾ മകളെ കാണാനില്ലെന്നുകാണിച്ച് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പാലാ പോലീസ് ഊർജിതമായി അന്വേഷണം നടത്തുകയായിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ പെൺകുട്ടിയുടെ ഫോൺ സംബന്ധിച്ച് അന്വേഷണം നടത്തി. കോട്ടയം റെയിൽവേ സ്റ്റേഷനിലാണ് പെൺകുട്ടിയുള്ളതെന്ന് പോലീസ് തിരിച്ചറിഞ്ഞു. തുടർന്ന് പോലീസ് കോട്ടയം റെയിൽവേ സ്റ്റേഷനിൽ വിശദമായി പരിശോധിച്ചപ്പോൾ മൂന്നാം പ്ലാറ്റ്ഫോമിലെ തീവണ്ടിയിൽ ആളൊഴിഞ്ഞ ബോഗിയിൽ പെൺകുട്ടിയെയും പ്രതിയെയും കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയുടെ അച്ഛൻ 17 വർഷമായി പാലായിൽ ജോലിചെയ്യുകയാണ്. പ്രതി കുറച്ചുനാളായി കട്ടപ്പനയിലെ സ്വകാര്യസ്ഥാപനത്തിൽ ജീവനക്കാരനാണ്.