പാല്‍ഘര്‍: കൊടും വെയിലില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് കിലോമീറ്ററുകള്‍ നടന്നെത്തി മടങ്ങേണ്ടി വന്ന ഒന്‍പത് മാസം ഗര്‍ഭിണിയായ 21കാരിക്ക് ദാരുണാന്ത്യം. 21കാരിയായ ആദിവാസി യുവതിയാണ് സൂര്യാഘാതമേറ്റ് മരിച്ചത്. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലാണ് സംഭവം. ഗ്രാമത്തില്‍ നിന്നും ഏറ്റവും അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്കും വീട്ടിലേക്കുമായി ഏഴ് കിലോമീറ്ററാണ് യുവതിക്ക് നടക്കേണ്ടി വന്നത്. സോണാലി വാഗ്ഹാട്ട് എന്ന 21കാരിയാണ് മരിച്ചത്.
ദഹാനു താലൂക്കിലെ ഓസ്കര്‍ വീര ഗ്രാമത്തില്‍ നിന്ന് 3.5 കിലോമീറ്ററോളം നടന്നാല്‍ മാത്രമാണ് ഇവര്‍ക്ക് വാഹനം ലഭിക്കുന്ന മേഖലയിലേക്ക് എത്താന്‍ സാധിക്കു. വെള്ളിയാഴ്ച ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ട സൊണാലി നടന്ന് ദേശീയ പാതയിലെത്തി അവിടെ നിന്ന് ഓട്ടോറിക്ഷ പിടിച്ചാണ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിയത്. പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ നല്‍കിയ ശേഷം യുവതിയെ വീട്ടിലേക്ക് തിരികെ അയയ്ക്കുകയായിരുന്നു. വീട്ടിലേക്ക് ദേശീയ പാതയില്‍ നിന്ന് വീണ്ടും നടന്ന് പോകേണ്ടി വന്ന യുവതിക്ക് വൈകുന്നേരത്തോടെ ശാരീരിക ബുദ്ധിമുട്ടുകള്‍ വര്‍ധിക്കുകയായിരുന്നു. വീണ്ടും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിയ യുവതിയെ കാസയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.
ശരീര താപം വളരെ ഉയര്‍ന്ന നിലയിലായിരുന്ന യുവതി സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ വച്ച് മരിക്കുകയായിരുന്നു. യുവതിയുടെ ഗര്‍ഭസ്ഥ ശിശുവിനേയും രക്ഷിക്കാനായില്ല. യുവതിക്ക് പ്രസവ വേദന ആരംഭിച്ചിരുന്നില്ലെന്നും കനത്ത വെയിലില്‍ നടന്നതാണ് അവസ്ഥ മോശമാക്കിയതെന്നുമാണ് ഡോക്ടര്‍മാര്‍ സംഭവത്തേക്കുറിച്ച് പ്രതികരിക്കുന്നത്. സംഭവത്തില്‍ ആരോഗ്യ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കാസയിലെ ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗമില്ലാത്തത് രോഗി ഗുരുതരാവസ്ഥയിലായിട്ടും ആവശ്യമായ സേവനം നല്‍കുന്നതില്‍ വെല്ലുവിളിയായെന്നാണ് നിരീക്ഷണം. അനീമിക് ആയിരുന്നതിനാലാണ് യുവതിയെ ആശാ വര്‍ക്കര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചതെന്നാണ് പാല്‍ഘര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് വാര്‍ത്താ ഏജന്‍സികളോട് പ്രതികരിക്കുന്നത്.