ചണ്ഡിഗഡ് : പ്രസവ ശസ്ത്രക്രിയ കഴിഞ്ഞ യുവതിക്ക് വാർഡിൽ വച്ച് ഇനർജക്ഷന്‍ വച്ച് ഡോക്ടർ ചമഞ്ഞെത്തിയ യുവതി. പിന്നാലെ അതീവ ഗുരുതരാവസ്ഥയിലായി യുവതി. ചണ്ഡിഗഡിലെ പിജിഐഎംഇആർ ആശുപത്രിയിലാണ് സിനിമാ കഥകളെ ഞെട്ടിക്കുന്ന കുറ്റകൃത്യം നടന്നത്. പ്രസവത്തിന് പിന്നാലെ വൃക്ക സംബന്ധിയായ തകരാറുണ്ടായതോടെ മികച്ച ചികിത്സയ്ക്കായാണ് യുവതിയെ പിജിഐഎംഇആർ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. രാജ്പുര സ്വദേശിയായ ഹർമീത് കൌർ എന്ന 25കാരിയെയാണ് ആരോഗ്യ നില മോശമായതിന് പിന്നാലെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചത്.
നവംബർ മൂന്നിനായിരുന്നു ഹർമീത് ആൺകുട്ടിക്ക് ജന്മം നൽകിയത്. പ്രസവത്തിന് പിന്നാലെ രക്തസ്രാവം ഉണ്ടാവുകയും കിഡ്നി തകരാറിലാവുകയും ചെയ്തതിന് പിന്നാലെ നവംബർ 13നാണ് നെഹ്റു ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിൽ യുവതിയെ പ്രവേശിപ്പിക്കുന്നത്. നവംബർ 15ന് രാത്രിയിൽ ഇരുപത് വയസിന് മുകളിൽ പ്രായം തോന്നിക്കുന്ന അജ്ഞാത യുവതിയെത്തി ഹർമീതിന് ഒരു ഇൻജക്ഷന്‍ നൽകുകയായിരുന്നു. 25കാരിയുടെ ഭർതൃ സഹോദരിയോട് ഒരു ഇൻജക്ഷനുണ്ടെന്ന് വിശദമാക്കിയ ശേഷമായിരുന്നു ഇത്. എന്തിനാണ് ഇൻജക്ഷനെന്നും മറ്റുമുള്ള ചോദ്യങ്ങൾ ബന്ധുക്കൾ ചോദിച്ചതോടെ ഇവർ സ്ഥലം വിടുകയായിരുന്നു.
ഇതിന് പിന്നാലെ ഹർമീതിന്റെ ആരോഗ്യാവസ്ഥ മോശമാവുകയും വെന്റിലേറ്റർ സഹായം നൽകേണ്ടി വരികയുമായിരുന്നു. സംഭവത്തിൽ മനപൂർവ്വമുള്ള നരഹത്യാശ്രമത്തിനാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. അജ്ഞാതനായ ഒരാൾ രാത്രിയിൽ എങ്ങനെ രോഗിക്ക് ഇൻജക്ഷൻ നൽകിയെന്ന് കണ്ടെത്താന്‍ ആശുപത്രി അധികൃതരും പൊലീസും സിസിടിവി അടക്കമുള്ളവ പരിശോധിക്കുന്നുണ്ട്. ഗുരുവിന്ദർ സിംഗാണ് 25കാരിയുടെ ഭർത്താവ്. ഇവരുടേത് രണ്ട് വിഭാഗത്തിൽ നിന്നുള്ള വിവാഹമായിരുന്നുവെന്ന് ബന്ധുക്കൾ ഇതിനോടകം വിശദമാക്കിയിട്ടുണ്ട്. അതിനാൽ ദുരഭിമാന അതിക്രമം ആണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
യുവതിയുടെ ബന്ധുക്കൾ ഇവരുടെ വിവാഹം അംഗീകരിച്ചിരുന്നില്ലെന്ന് യുവതിയുടെ ഭർത്താവ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇൻജക്ഷൻ എടുക്കാനെത്തിയ യുവതിയുടെ ചിത്രം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസുള്ളത്. ആശുപത്രി ജീവനക്കാരിയല്ല അതിക്രമം ചെയ്തതെന്ന് ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. യുവതിയുടെ കുഞ്ഞിന്റെ ആരോഗ്യ സ്ഥിതിയിൽ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. യുവതിയെ രക്ഷിക്കാനുള്ള തീവ്രശ്രമങ്ങള്‍ നടക്കുകയാണെന്നും ആശുപത്രി അധികൃതർ വിശദമാക്കി.