ബഹ്റൈച്: വന്യജീവികളുമായി സംഘർഷം പതിവായതോടെ വലഞ്ഞ് ഉത്തർപ്രദേശിലെ ബഹ്റൈച്ചുകാർ. ആക്രമകാരികളായ വന്യജീവികളാണ് ഇവിടെ വലിയ രീതിയിൽ ജനവാസമേഖലയിലേക്ക് എത്തുന്നത്. ചെന്നായകൾ ഗ്രാമവാസികളായ പിഞ്ചുകുഞ്ഞുങ്ങളെ അടക്കം ആക്രമിച്ചതിന് പിന്നാലെ പുള്ളിപ്പുലിയും മേഖലയിൽ ആളുകളെ ആക്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കാട്ടാന ഗ്രാമവാസിയെ കുത്തിക്കൊന്നത്.
വെള്ളിയാഴ്ച രാവിലെയാണ് ഗ്രാമവാസി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കട്ടാർനിയാഘാട്ട് വന്യജീവി സങ്കേതത്തിൽ നിന്നാണ് ജനവാസ മേഖലയിലേക്ക് അക്രമകാരികളായ മൃഗങ്ങൾ പതിവായി എത്തുന്നത്. വന്യജീവി ശല്യം പതിവായതോടെ നാട്ടുകാർ മേഖലയിലെ റോഡുകൾ തടഞ്ഞ് പ്രതിഷേധം നടത്തിയിരുന്നു. മേഖലയിൽ വിലസുന്നത് മൂന്ന് കാട്ടാനകൾ ആയതിനാൽ വനപാതകളിലൂടെ പോവുന്നത് പൂർണമായും ഉപേക്ഷിക്കാനാണ് നാട്ടുകാരോട് വനംവകുപ്പ് ആവശ്യപ്പെടുന്നത്. മേഖലയിൽ വന്യജീവി മനുഷ്യ സംഘർഷം പതിവാണെന്ന് സ്ഥിരീകരിക്കുന്ന വനം വകുപ്പ് ഉദ്യോഗസ്ഥർ വിവരം ഉയർന്ന അധികാരികളോട് വിശദമാക്കിയതായാണ് ദേശീയ മാധ്യമങ്ങളോട് വിശദമാക്കുന്നത്.
വെള്ളിയാഴ്ച രാവിലെ ഭവാനിപൂരിൽ നിന്ന് ഭാരതപൂരിലേക്ക് സൈക്കിളിൽ പോയിരുന്ന 26കാരനെയാണ് കാട്ടാന ആക്രമിച്ച് കൊന്നത്. യുവാവിനെ സൈക്കിളിൽ നിന്ന് തുമ്പിക്കയ്യിൽ ചുറ്റി എടുത്ത ശേഷം സമീപത്തം കാട്ടിലേക്ക് വലിച്ചെറിഞ്ഞ ശേഷമാണ് കാട്ടാന മേഖലയിൽ നിന്ന് മടങ്ങിയത്. ബന്ധുക്കൾ 26കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനാവാതെ വരികയായിരുന്നു.
ജനുവരി മാസക്കിൽ 24 പേരെ ആക്രമിച്ച നാല് പുള്ളിപ്പുലികളെയാണ് ഇവിടെ നിന്ന് കൂട് വച്ച് കുടുക്കിയത്. 9 പേരുടെ ജീവനാണ് ചെന്നായ ആക്രമണത്തിൽ ഇവിടെ നഷ്ടമായത്. 20പേർക്ക് ചെന്നായ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. രണ്ട് മാസത്തിനിടെ ചെന്നായ ആക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടതായും 26 പേർക്ക് പരിക്കേറ്റതായുമാണ് റിപ്പോർട്ട്.