ഹരിപ്പാട്: ആലപ്പുഴയിൽ ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. പള്ളിപ്പാട് നടുവട്ടം ഹരി ഭവനത്തിൽ സോമശേഖരൻ പിള്ള – ഗീതാ ദമ്പതികളുടെ മകൻ കെ.എസ് ഉണ്ണികൃഷ്ണൻ (29) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 9.30 ന് നടുവട്ടം വലിയവീട്ടിൽ വിഷ്ണു ക്ഷേത്രത്തിന് സമീപമാണ് അപകടമുണ്ടായത്. അപകടം സംഭവിച്ച് ഏകദേശം ഒരു മണിക്കൂറിനു ശേഷം അതു വഴി വന്ന പിക്കപ്പ് വാൻ ഡ്രൈവറാണ് അപകടം ഉണ്ടായ വിവരം നാട്ടുകാരെ അറിയിച്ചത്.
വിവരമറിഞ്ഞ് നാട്ടുകാരെത്തി ഉടനെ തന്നെ ഉണ്ണികൃഷ്ണനെ ഹരിപ്പാട് ഗവ. ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു. രണ്ടു ദിവസം മുമ്പാണ് ഉണ്ണികൃഷ്ണൻ അബുദാബിയിൽ നിന്ന് നാട്ടിലെത്തിയത്. ഭാര്യ: ഐശ്വര്യ . മകൾ : ശ്രീനിഖ. കൊല്ലം കടയ്ക്കലിലും കണ്ണൂരും ബൈക്ക് അപകടത്തിൽ യുവാക്കൾ മരിച്ചു. കൊല്ലം കടയ്ക്കലിൽ ബൈക്ക് അപകടത്തിൽ പുൽപണ സ്വദേശി മനീഷ് ആണ് മരിച്ചത്. ഇന്നലെ രാത്രി ബൈക്ക് കല്ലിൽ തട്ടി നിയന്ത്രണം വിട്ടായിരുന്നു അപകടമുണ്ടായത്.
കണ്ണൂരിൽ കൂത്തുപറമ്പ് കൈതരിപാലത്തിന് സമീപം സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞാണ് യുവാവ് മരിച്ചത്. മുഴപ്പിലങ്ങാട് മൊയ്തു പാലം സ്വദേശി അർഷാദ് (21) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു അപകടം സംഭവിച്ചത്.












