പന്തീരാങ്കാവ് : ചാലിയാറിൽ പൊന്നേം പാടത്ത് ബന്ധുക്കളായ രണ്ടു പേർ ഒഴുക്കിൽപ്പെട്ടു. പൊന്നേംപാടം കണ്ണാഞ്ചേരി ജൗഹർ (39), സഹോദര പുത്രൻ മുഹമ്മദ് നബ്ഹാൻ (15) എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ മറ്റ് ബന്ധുക്കൾക്കൊപ്പം പുഴ സന്ദർശിക്കാൻ എത്തിയതായിരുന്നു ഇരുവരും. പുഴയുടെ ആഴം കൂടിയ ഭാഗത്ത് കക്ക വാരാൻ ഇറങ്ങിയതിനിടയിലാണ് ഇവർ ഒഴുക്കിൽപ്പെട്ടത്. ഉടൻതന്നെ സമീപത്തുണ്ടായിരുന്നവർ തിരച്ചിൽ നടത്തിയിരുന്നു. അഗ്നിശമന രക്ഷാ സേനയും പോലീസും നാട്ടുകാരും സംഭവസ്ഥലത്ത് തിരച്ചിൽ നടത്തുകയാണ്.












