പരപ്പനങ്ങാടി: പട്ടിക ജാതി വിഭാഗത്തിൽപെട്ട ഏഴ് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ തേഞ്ഞിപ്പലം വാലാശേരി പറമ്പിൽ ഷാജിയെ (47) പരപ്പനങ്ങാടി ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി എ. ഫാത്തിമ ബീവി 20 വർഷം തടവിന് ശിക്ഷിച്ചു. 25,000 രൂപ പിഴയും അടയ്ക്കണം. പണം അടച്ചില്ലെങ്കിൽ ആറ് മാസം കഠിന തടവും അനുഭവിക്കണം. 2019 ഫെബ്രുവരി 23നാണ് കേസിനാസ്പദമായ സംഭവം.
പ്രതി താമസിച്ചിരുന്ന ക്വാർട്ടേഴ്‌സിൽ വെച്ച് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. അന്നത്തെ തേഞ്ഞിപ്പലം എസ്‌ഐ ബിനു തോമസ് രജിസ്റ്റർ ചെയ്ത കേസിൽ ഡി വൈഎസ്പി ആയിരുന്ന ജലീൽ തോട്ടത്തിലാണ് കുറ്റപത്രം സമർ പ്പിച്ചത്. 18 സാക്ഷികളെ വിസ്തരിച്ചു. 17 രേഖകൾ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ഷമ മാലിക് ഹാജരായി. സമാനമായ മറ്റൊരു സംഭവത്തില്‍ 10 വയസ്സുകാരിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ യുവതിക്ക് 30 വർഷം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴ ശിക്ഷ വിധിച്ചു. മഞ്ചേരി സ്‌പെഷ്യൽ പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. വഴിക്കടവ് മുണ്ട പുളിയക്കോട് ബിനിതയ്ക്ക് (മഞ്ജു-36) ആണ് ജഡ്ജി എ എം അഷ്‌റഫ് ശിക്ഷ വിധിച്ചത്.
പാങ്ങോട് 14 -കാരിയെ രണ്ട് തവണ പീഡിപ്പിച്ച കേസിൽ പ്രതിയായ ചിറ്റപ്പന് 13 വർഷം കഠിന തടവും നാൽപ്പത്തി അയ്യായിരം രൂപ പിഴയും ശിക്ഷ വിധിച്ചത് കഴിഞ്ഞ ദിവസമാണ്. തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. പാങ്ങോട് സ്വദേശിയും പെൺകുട്ടിയുടെ ചിറ്റപ്പനുമായ 24 -കാരനെയാണ് ജഡ്ജി ആർ രേഖ ശിക്ഷിച്ചത്. പിഴ തുക അടയ്ച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ തടവ് അനുഭവിക്കണം.