ദില്ലി: നിക്കോബാർ ദ്വീപുകൾക്ക് സമീപം ഭൂകമ്പം ഉണ്ടായതായി റിപ്പോർട്ട്. പുലർച്ചെ അഞ്ചിനാണ് റിക്ടർ സ്കെയിൽ 5.0 രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായതെന്ന് ദേശീയ വാർത്താ ഏജൻസിയായ എ എൻ ഐ റിപ്പോർട്ട് ചെയ്യുന്നു.
ഞായറാഴ്ച പുലർച്ചെ ഉത്തരകാശിയിലും ഭൂകമ്പമുണ്ടായതായി ജില്ലാ ദുരന്ത നിവാരണ ഓഫീസർ ദേവേന്ദ്ര പട്‌വാൾ പറഞ്ഞു. 2.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും തുടർച്ചയായ രണ്ട് ഭൂചലനങ്ങളും ഉണ്ടായി. പുലർച്ചെ 12.45നും താമസിയാതെ മറ്റ് രണ്ട് ഭൂചലനങ്ങളും ഉണ്ടായി. ആദ്യ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ജില്ലയിലെ ഭത്വരി മേഖലയിലെ സിറോർ വനത്തിലായിരുന്നു. എന്നാൽ നേരിയ ഭൂചലനം മാത്രമാണ് ഉണ്ടായിരുന്നതെന്നും പ്രാദേശികമായി രേഖപ്പെടുത്താൻ കഴിഞ്ഞില്ലെന്നും ജില്ലാ ദുരന്തനിവാരണ ഓഫീസർ വ്യക്തമാക്കി.
അതേസമയം, ഭൂചലനത്തിൽ ആളുകൾ പരിഭ്രാന്തരായതായി ഓഫീസർ പറയുന്നു. വീടുകളിലെ സാധനങ്ങളെല്ലാം വീഴുകയും ജനൽ പാളികളും വാതിലുകളും ഇളകിയെന്നും നാട്ടുകാർ പറയുന്നു. ആളുകൾ പരിഭ്രാന്തരായി വീടുകളിൽ നിന്ന് പുറത്തേക്ക് ഓടുകയും ചെയ്തു. രാത്രി മുഴുവൻ അവർ ഭയത്തോടെ വീടിനു പുറത്താണ് കഴിഞ്ഞത്. എന്നാൽ ജീവനും സ്വത്തിനും നാശനഷ്ടമുണ്ടായതായി റിപ്പോർട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.