തിരുവനന്തപുരം: കണ്ണൂര്‍ തലശേരിയില്‍ കാറില്‍ ചാരിനിന്നതിന് ആറ് വയസുകാരനെ ചിവിട്ടി തെറിപ്പിച്ച സംഭവത്തില്‍ അന്വേഷിച്ച് കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. കുട്ടിയോട് കാട്ടിയത് ക്രൂരവും മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതുമാണെന്ന് മന്ത്രി പറഞ്ഞു. സംഭവം അങ്ങേയറ്റം പ്രതിഷേധാര്‍ഹവുമാണെന്ന് പറഞ്ഞ മന്ത്രി, കുഞ്ഞിനും കുടുംബത്തിനും നിയമസഹായം ഉള്‍പ്പെടെയുള്ള പിന്തുണ വനിത ശിശുവികസന വകുപ്പ് നല്‍കുമെന്നും അറിയിച്ചു. കുട്ടിക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
രാജസ്ഥാന്‍ സ്വദേശിയായ കുട്ടിയാണ് അക്രമിക്കപ്പെട്ടത്. ചവിട്ടേറ്റത് എന്തിനാണെന്ന് പോലും മനസിലാക്കാനാകാതെ പകച്ചു നില്‍ക്കുന്ന കുഞ്ഞിനെയാണ് പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങളില്‍ കാണാന്‍ കഴിയുന്നത്. സംഭവത്തില്‍ പൊന്ന്യംപാലം സ്വദേശി മുഹമ്മദ് ശിഹ്ഷാദിനെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. മണിക്കൂറുകളോളം അനങ്ങാതിരുന്ന പൊലീസ് ഇന്ന് രാവിലെയാണ് മുഹമ്മദ് ശിഹ്ഷാദിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തലശ്ശേരി എഎസ്‍പി നിഥിൻ രാജിൻ്റെ നേതൃത്യത്തിൽ ചോദ്യം ചെയ്ത ശേഷമാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ വാർത്ത ഏഷ്യാനെറ്റ് ന്യൂസ് പുറത്തു വിട്ടതിന് പിന്നാലെയാണ് പൊലീസ് അലംഭാവം വെടിഞ്ഞ് നടപടി എടുത്തത്. സംഭവത്തിൽ കേസെടുക്കുമെന്ന് ബാലാവകാശ കമ്മീഷനും വ്യക്തമാക്കി. കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
തലശേരി സംഭവത്തെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും ശക്തമായി അപലപിച്ചു. മനുഷ്യത്വം എന്നത് കടയിൽ വാങ്ങാൻ കിട്ടുന്ന ഒന്നല്ല. കണ്ണൂരിലെ സംഭവം ഞെട്ടൽ ഉണ്ടാക്കി. കാറിൽ ചാരി നിന്നതിന് ആറ് വയസുകാരനെ ചവിട്ടിത്തെറിപ്പിക്കുന്നത് എന്തൊരു ക്രൂരതയാണ്. നിയമപരമായ എല്ലാ നടപടിയും ഉണ്ടാകും എന്നും മന്ത്രി ഫേസ്‌ബുക്ക് കുറിപ്പിൽ പറഞ്ഞു.











