മിലാന്‍: സ്കൂള്‍ വിദ്യാര്‍ത്ഥിനിയുടെ പീഡന പരാതി തള്ളാനായി കോടതി ചൂണ്ടിക്കാണിച്ച കാരണത്തിന്‍റെ പേരില്‍ രൂക്ഷ വിമര്‍ശനം. സ്കൂള്‍ ജീവനക്കാരന്‍ 17 കാരിയെ കയറിപ്പിടിച്ച സംഭവത്തിലാണ് കോടതിയുടെ വിചിത്ര തീരുമാനം. പീഡനത്തിന് 10 സൈക്കന്‍റ് ദൈര്‍ഘ്യം പോലുമില്ലാത്തതിനാല്‍ പ്രവര്‍ത്തിയെ കുറ്റമായി കാണാനാവില്ലെന്ന് വ്യക്തമാക്കിയാണ് കോടതി കുറ്റാരോപിതനെ വിട്ടയച്ചത്. ഇറ്റലിയിലെ കോടതി 66കാരനായ ആന്‍റോണിയോ അവോള എന്നയാളെ കുറ്റവിമുക്തനാക്കിയതിന് പിന്നാലെയാണ് സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രതിഷേധം ഉയരുന്നത്. റോമിലെ ഹൈസ്കൂളിലെ വിദ്യാര്‍ത്ഥിനിയെ 2022 ഏപ്രിലിലാണ് സ്കൂള്‍ ജീവനക്കാരന്‍ കയറിപ്പിടിച്ചത്.
സുഹൃത്തിനോട് സംസാരിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ പിന്നില്‍ നിന്ന് കയറി പിടിച്ച 66 കാരന്‍ അടിവസ്ത്രത്തിനുള്ളില്‍ കൈ കടത്തിയിരുന്നു. പെണ്‍കുട്ടി തിരിഞ്ഞ് പ്രതികരിച്ചതോടെ ഇയാള്‍ സ്ഥലം വിടുകയായിരുന്നു. സംഭവത്തിന് പിന്നാലെ വിദ്യാര്‍ത്ഥിനി സ്കൂള്‍ അധികൃതര്‍ക്ക് പരാതിനല്‍കിയിരുന്നു. ചോദ്യം ചെയ്യലില്‍ വിദ്യാര്‍ത്ഥിനിയെ കയറി പിടിച്ചത് ഇയാള്‍ സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തമാശയ്ക്കാണ് അങ്ങനെ ചെയ്തതെന്നാണ് ഇയാള്‍ പ്രതികരിച്ചത്. ഇയാള്‍ക്കെതിരായ കേസില്‍ പരമാവധി ശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്‍റെ ആവശ്യം നിരാകരിച്ചുകൊണ്ടായിരുന്നു കഴിഞ്ഞ ദിവസം കോടതിയുടെ തീരുമാനം എത്തിയത്.
66 കാരന്‍റെ പ്രവര്‍ത്തി ഒരു കുറ്റകൃത്യമായി കണക്കാക്കാന്‍ കഴിയില്ലെന്നും 10 സെക്കന്‍റ് ദൈർഘ്യം ആ പ്രവര്‍ത്തിക്ക് ഉണ്ടായില്ലെന്നുമാണ് കോടതി നിരീക്ഷിച്ചത്. ഇതിന് പിന്നാലെ 66 കാരനെ കോടതി വിട്ടയയ്ക്കുകയും ചെയ്തിരുന്നു. വിധി അധികം താമസിയാതെ തന്നെ വൈറലായി. സമൂഹമാധ്യമങ്ങളില്‍ വിധിയേക്കുറിച്ച് രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. പത്ത് സെക്കന്‍റിനുള്ളില്‍ ഇരയാക്കപ്പെടുന്നവര്‍ അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകളേക്കുറിച്ചും ജീവിതത്തിലുണ്ടാവുന്ന ട്രോമകളേക്കുറിച്ചും കൃത്യമായി വിശദമാക്കുന്ന നൂറ് കണക്കിന് വീഡിയോകളാണ് 10 സെക്കന്‍റ് എന്ന ഹാഷ്ടാഗില്‍ ഇന്‍സ്റ്റഗ്രാമിലടക്കം ആളുകള്‍ പങ്കുവയ്ക്കുന്നത്. നിരവധി സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍മാര്‍ അടക്കം കോടതി തീരുമാനത്തിനെതിരെ രൂക്ഷമായി പ്രതികരിച്ചിട്ടുണ്ട്.
അനുമതിയില്ലാതെ സ്ത്രീകളുടെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ആര്‍ക്കും അനുവാദമില്ലെന്ന് വ്യക്തമാക്കുന്നതാണ് പ്രതികരണങ്ങളില്‍ ഏറിയ പങ്കും. അഞ്ച് സെക്കന്‍റ് പോലും ഇല്ലെങ്കിലും അനുവാദമില്ലാതെ തൊടരുതെന്നാണ് ചലചിത്രതാരമായ പൌലോ കാമിലി കോടതി തീരുമാനത്തേ വിമര്‍ശിക്കുന്നത്. കോടതിയുടെ തീരുമാനത്തിനെതിരെ പരാതി ഉന്നയിച്ച വിദ്യാര്‍ത്ഥിനിയും രൂക്ഷമായി പ്രതികരിച്ചിരുന്നു. സ്കൂള്‍ മാനേജ്മെന്‍റും നീതി ന്യായ സംവിധാനവും തന്നെ വഞ്ചിട്ടുവെന്നാണ് പെണ്‍കുട്ടി അന്തര്‍ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്. അടുത്തിടെ യൂറോപ്യന്‍ യൂണിയന്‍റെ മൌലികാവകാശ ഏജന്‍സി പുറത്ത് വിട്ട കണക്കുകള്‍ 2016നും 2021നും ഇടയില്‍ പീഡനം നേരിടേണ്ടി വന്ന 70 ശതമാനം ഇറ്റാലിയന്‍ സ്ത്രീകളും അവയേക്കുറിച്ച് പരാതിപ്പെടാന്‍ മടിച്ചിരുന്നുവെന്നാണ് വിശദമാക്കുന്നത്.