കടവൂർ: ക്ഷേത്ര ദർശനത്തിനെത്തിയ വൃദ്ധയുടെ സ്വർണമാല കവർന്ന വനിതകൾ അറസ്റ്റിൽ. കൊല്ലം കടവൂർ മഹാദേവർ ക്ഷേത്രത്തിൽ തൊഴാനെത്തിയ വൃദ്ധയുടെ ഒന്നേകാൽ ലക്ഷം രൂപയുടെ മാലയാണ് തമിഴ്നാട് സ്വദേശികൾ കവർന്നത്. സേലം സ്വദേശികളായ പൂവരശി, സുമിത്ര, സുകന്യ എന്നിവരാണ് അഞ്ചാലുംമൂട് പൊലീസിന്റെ പിടിയിലായത്.
ചൊവ്വാഴ്ച രാവിലെയാണ് ചാത്തിനാംകുളം സ്വദേശിയായ 77 വയസുള്ള മഹിളാ മണിയമ്മയുടെ മാല ഈ സംഘം മോഷ്ടിച്ചത്. ക്ഷേത്രത്തിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് പൊലീസിന് പ്രതികളെക്കുറിച്ച് സൂചന കിട്ടിയത്. മറ്റൊരു സംഭവത്തിൽ കൊല്ലം കരുനാഗപ്പള്ളിയിൽ പശുവിനെ മോഷ്ടിച്ച കറവക്കാരന്‍ അറസ്റ്റിലായി. കരുനാഗപ്പളളി സ്വദേശി നൗഷാദാണ് പിടിയിലായത്.
കരുനാഗപ്പള്ളി സ്വദേശി സുശീലയുടെ വീട്ടിലെ രണ്ടു പശുക്കളില്‍ ഒന്നിനെ കാണാതായത് ക്രിസ്മസ് ദിനത്തിൽ പുലർച്ചെയായിരുന്നു. പശു കെട്ടഴിഞ്ഞു പോയതായിരിക്കാം എന്ന സംശയത്തില്‍ അയല്‍വാസികളോടും നാട്ടുകാരോടും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പിന്നാലെ കരുനാഗപ്പള്ളി പൊലീസില്‍ പരാതി നൽകി. പൊലീസ് നടത്തിയ പരിശോധനയിൽ പശുവിനെ കൊണ്ടു പോയ വാഹനത്തെ കുറിച്ച് വിവരം കിട്ടി.
വാഹനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ സുശീലയുടെ അയല്‍വാസിയും പശുവിന്‍റെ കറവക്കാരനുമായ നൗഷാദാണ് മോഷ്ടാവെന്ന് മനസിലായി. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. പശുവിനെ ഇറച്ചി വെട്ടുകാര്‍ക്ക് വിറ്റെന്ന് മൊഴി നൽകി. ഇറച്ചി വെട്ടുകാരില്‍ നിന്ന് പശുവിനെ പൊലീസ് തിരികെ വാങ്ങി വീട്ടുകാരിക്ക് നൽകി.