പത്തനംതിട്ട : ബസില്‍ ഉറങ്ങി പോയ ശബരിമല തീര്‍ത്ഥാടക സംഘത്തിലെ ഒന്‍പതുവയസുകാരിക്ക് രക്ഷകരായി മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥര്‍. ശബരിമല ദര്‍ശനത്തിന് എത്തിയ തമിഴ്നാട് തീര്‍ത്ഥാടക സംഘത്തിലെ ഒന്‍പതുവയസുകാരിക്കാണ് എംവിഡി രക്ഷകരായത്. കുഞ്ഞ് ബസില്‍ ഉറങ്ങുന്നത് അറിയാതെ പമ്പയില്‍ ഇറങ്ങിയ തീര്‍ത്ഥാടകര്‍ വാഹനം വിട്ട് പോയതിനു ശേഷമാണ് കുട്ടിയെ കാണാനില്ലെന്ന് തിരിച്ചറിഞ്ഞത്. അപ്പോഴേക്കും ബസ് പമ്പയില്‍ നിന്നും നിലക്കലിലേക്ക് യാത്ര തിരിച്ചിരുന്നു. ഉടന്‍ തന്നെ വിവരം പോലീസില്‍ അറിയിച്ചു. വിവരം അറിഞ്ഞ് പെട്രോളിങ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥര്‍ അട്ടത്തോട് വെച്ച് സംശയം തോന്നി ബസ് തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് ഉറങ്ങി കിടക്കുകയായിരുന്ന കുട്ടിയെ കണ്ടെത്തിയത്. ശബരിമലയില്‍ എത്തുന്നവര്‍ കുഞ്ഞുങ്ങളെയും ബന്ധുക്കളെയും കൂട്ടം തെറ്റാതെയും ശ്രദ്ധയോടെയും സൂക്ഷിക്കണമെന്ന് എംവിഡി അറിയിച്ചു.