തമിഴ്‌നാട്ടില്‍ ഓണ്‍ലൈന്‍ റമ്മി നിരോധന ബില്ലിന് ഗവര്‍ണര്‍ ആര്‍.എന്‍. രവിയുടെ അംഗീകാരം. ഓണ്‍ലൈന്‍ റമ്മി കളിച്ചാല്‍ മൂന്ന് മാസം തടവും 5000 രൂപ പിഴയും ശിക്ഷ നല്‍കുന്ന ബില്ലിലാണ് ഗവര്‍ണര്‍ ഒപ്പുവച്ചത്. നിയമസഭ ഗവര്‍ണര്‍ക്കെതിരെ പ്രമേയം പാസാക്കിയതിന് പിന്നാലെയാണ് ഗവര്‍ണര്‍ ഈ ബില്ലില്‍ ഒപ്പുവച്ചത്.
ഓണ്‍ലൈനായുള്ള ചൂതാട്ടങ്ങള്‍ക്കെതിരെയാണ് ബില്‍. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള തമിഴ്നാട് മന്ത്രിസഭ മാര്‍ച്ച് 23 ന് സംസ്ഥാനത്ത് ഈ ഗെയിമുകള്‍ നിരോധിക്കുന്നതിനുള്ള ബില്‍ വീണ്ടും പാസാക്കുകയായിരുന്നു. ഏതാനും ആഴ്ചകള്‍ക്ക് ശേഷമാണ് ഗവര്‍ണര്‍ ബില്ലില്‍ ഒപ്പുവയ്ക്കുന്നത്.
ഇത്തരമൊരു നിയമനിര്‍മാണത്തിന് സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ ആര്‍.എൻ രവി മാര്‍ച്ച് എട്ടിന് ബില്‍ തിരിച്ചയച്ചിരുന്നു. പിന്നീട് ഏറെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ശേഷമാണ് അദ്ദേഹം ബില്ലില്‍ ഒപ്പിടുന്നത്.
ഓൺലൈൻ ചൂതാട്ടം നിരോധിക്കുന്നതിനുള്ള ബിൽ 2022 ഒക്ടോബറിലാണ് സർക്കാർ ആദ്യമായി പാസാക്കിയത്. ഓൺലൈൻ വാതുവെപ്പ് നിരോധിച്ച തമിഴ്‌നാട് ഗെയിമിംഗ് ആൻഡ് പോലീസ് ലോസ് (ഭേദഗതി) ആക്‌ട് 2021-ലെ വ്യവസ്ഥകൾ 2021 ഓഗസ്റ്റിൽ മദ്രാസ് ഹൈകോടതി റദ്ദാക്കിയതിനെ തുടർന്നാണ് ബിൽ അംഗീകരിക്കേണ്ടി വന്നത്. വാതുവയ്പ്പ്, ചൂതാട്ടം എന്നീ മേഖലകളിൽ സർക്കാരിന് ഉചിതമായ നിയമനിർമ്മാണം നടത്താമെന്ന് കോടതി അഭിപ്രായപ്പെട്ടിരുന്നു.