അഗളി: എറണാകുളം മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജരേഖ ചമച്ച സംഭവത്തിൽ കേസന്വേഷണം അഗളി പൊലീസിന് കൈമാറാനുള്ള തീരുമാനം വിവാദത്തിൽ.
അട്ടപ്പാടി ഗവ. കോളജിൽ നടന്ന മലയാളം ഗെസ്റ്റ് ലെക്ചറർ അഭിമുഖത്തിൽ പങ്കെടുക്കവേയാണ് മഹാരാജാസ് കോളജ് പൂർവവിദ്യാർഥിനി കെ. വിദ്യ വ്യാജ സർട്ടിഫിക്കറ്റ് ഹാജറാക്കിയത്. എന്നാൽ, അട്ടപ്പാടി ഗവ. കോളജ് അധികൃതർ വിദ്യക്കെതിരെ പരാതി നൽകാൻ തയാറായിട്ടില്ല. അട്ടപ്പാടിയിൽ പരാതി ഇല്ലാത്ത സാഹചര്യത്തിൽ അന്വേഷണം അഗളി പൊലീസ് എങ്ങനെ നടത്തുമെന്ന ചോദ്യമാണ് ഉയരുന്നത്.
നിലവിൽ മഹാരാജാസ് കോളജ് പ്രിൻസിപ്പലിന്റെ പരാതിയിൽ വിദ്യക്കെതിരെ 1717/23 ആയി എറണാകുളം സെൻട്രൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഐ.പി.സി 455, 468, 471 എന്നീ വകുപ്പുകളാണ് പൊലീസ് ചുമത്തിയത്. ഏഴു വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകളാണ് ഇത്. നിലവിൽ കേസന്വേഷണം ഏറ്റെടുക്കാനുള്ള നിർദേശം അഗളി പൊലീസിന് ലഭിച്ചിട്ടില്ല. ഇന്നോ നാളെയോ ലഭിക്കുമെന്നാണ് സൂചന.