ഇൻഡോർ: ഈ വർഷം അവസാനം തെരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശിലെ ഭരണകക്ഷിയായ ബി.ജെ.പി പൊട്ടിത്തെറിയുടെ വക്കിലെന്ന് റിപ്പോർട്ട്. തെരഞ്ഞെടുപ്പിന് മുമ്പു തന്നെ സംസ്ഥാനത്തെ ബി.ജെ.പി നേതാക്കൾ തമ്മിൽ തർക്കത്തിലാണ്. തർക്കം പരിഹരിക്കാൻ മുതിർന്ന നേതാക്കൾ യോഗംചേരുമ്പോൾ തന്നെ മറുഭാഗത്ത് ചിലർ പരസ്പരം വിരുദ്ധമായ പ്രസ്താവനകൾ നടത്തുകയാണ്.
വെള്ളിയാഴ്ച ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പാർട്ടി സംസ്ഥാന ഘടകം അധ്യക്ഷൻ വി.ഡി. ശർമയുടെ വസതിയിൽ ചർച്ച നടത്തിയിരുന്നു. സംസ്ഥാന അധ്യക്ഷനെ മാറ്റുന്നതുമായി ബന്ധപ്പെട്ട് ഇരു നേതാക്കളും അരമണിക്കൂറോളം അടച്ചിട്ട വാതിൽ ചർച്ച നടത്തിയതായാണ് റിപ്പോർട്ട്. കൂടിക്കാഴ്ചക്കു ശേഷം ഇരുനേതാക്കളും ബി.ജെ.പി ഓഫിസിലെത്തുകയും ചെയ്തു.
മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും പാർട്ടി ഓഫീസിലെത്തി ദേശീയ സഹ സംഘടനാ ജനറൽ സെക്രട്ടറി ശിവപ്രകാശ്, സംസ്ഥാന പാർട്ടി ചുമതലയുള്ള മുരളീധർ റാവു, സംസ്ഥാന പാർട്ടി അധ്യക്ഷൻ വി.ഡി. ശർമ, ആഭ്യന്തര മന്ത്രി നരോത്തം മിശ്ര എന്നിവരുമായി സംസാരിച്ചു.
സംസ്ഥാന പാർട്ടി യൂനിറ്റ് മുൻ പ്രസിഡന്റ് പ്രഭാത് ഝായുടെ വസതിയും മിശ്ര സന്ദർശിച്ചു, നിലവിലെ സ്ഥിതിഗതികൾ ഇരുവരും ചർച്ച ചെയ്യുകയും ചെയ്തു. വിവാദ പ്രസ്താവനകൾ പുറപ്പെടുവിക്കുന്നതിൽ നിന്ന് പാർട്ടി നേതാക്കളെ എങ്ങനെ തടയാമെന്നതായിരുന്നു പ്രധാന ചർച്ച വിഷയം. ഇത്തരം പരസ്യ പ്രസ്താവനകൾ നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കാനും പാർട്ടി നേതൃത്വം തീരുമാനിച്ചു.
ബി.ജെ.പിയുടെ ദേശീയ സഹസംഘടനാ ജനറൽ സെക്രട്ടറി ശിവപ്രകാശും സംസ്ഥാന ചുമതലയുള്ള മുരളീധർ റാവുവുംനിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുന്നില്ലെന്നും ആരോപണമുയർന്നിട്ടുണ്ട്. സംസ്ഥാന തെരഞ്ഞെടുപ്പിന് ഇനി അഞ്ച് മാസം ബാക്കിയുണ്ടെങ്കിലും നേതാക്കൾ പരസ്പരം പോരടിക്കുന്നത് പാർട്ടിക്ക് തലവേദനയാണ്.
തുടർന്ന് തിരഞ്ഞെടുപ്പ് ഏകോപന സമിതി രൂപീകരിക്കാനും ആലോചനയുണ്ട്. മുൻ മന്ത്രി ദീപക് ജോഷിയെ പോലെ പല നേതാക്കളും പാർട്ടി വിടാനൊരുങ്ങുന്നതായും സൂചനയുണ്ട്. അന്തരിച്ച അരുൺ ജെയ്റ്റ്ലി, അനന്ത് കുമാർ, വെങ്കയ്യ നായിഡു, വിനയ് സഹസ്രബുദ്ധെ തുടങ്ങിയ നേതാക്കൾ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ചുമതലക്കാരായിരുന്നു. പാർട്ടിയുടെ സംസ്ഥാന ഘടകത്തിൽ അവർക്ക് നിയന്ത്രണമുണ്ടായിരുന്നു.