ന്യൂഡൽഹി: മണിപ്പൂർ സംഘർഷം ചർച്ച ചെയ്യാൻ യോഗം വിളിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എൻ.ഡി.എ സർക്കാർ വീണ്ടും അധികാരത്തിൽ വന്നതിന് ശേഷം ഇതാദ്യമായാണ് അമിത് ഷാ യോഗം വിളിക്കുന്നത്. ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, രഹസ്യാന്വേഷണ വിഭാഗം മേധാവി തപൻ ദേക്ക, സൈനിക മേധാവി ജനറൽ മനോജ് പാണ്ഡേ്യ, സുരക്ഷാഉപദേഷ്ടാവ് കുൽദീപ് സിങ്, മണിപ്പൂർ ചീഫ് സെക്രട്ടറി വിനീത് ജോഷി, ഡി.ജി.പി രാജീവ് സിങ്, അസം റൈഫിൾസ് മേധാവി ചന്ദ്രൻ നായർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
മണിപ്പൂർ ഗവർണറെ വിളിച്ചുവരുത്ത് സംസ്ഥാനത്തെ സ്ഥിതിയെ കുറിച്ച് അമിത് ഷാ ചോദിച്ചറിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് യോഗം. മെയ് മൂന്നിന് മണിപ്പൂരിൽ കുക്കികളും മെയ്തേയി വിഭാഗവും തമ്മിൽ തുടങ്ങിയ സംഘർഷത്തിൽ ഇതുവരെ 225 പേർ മരിച്ചിരുന്നു. 50,000ത്തോളം പേർ വീടുവിട്ട് അഭയാർഥി ക്യാമ്പുകളിൽ പോകാൻ നിർബന്ധിതരായി.
ആഴ്ചകൾക്ക് മുമ്പ് മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായിരുന്നു. മോറേയിലെ സ്കൂളിൽ ഒരാളുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയതിനെ തുടർന്നായിരുന്നു സംഘർഷമുണ്ടായത്. മണിപ്പൂരിൽ സംഘർഷം അവസാനിപ്പിക്കാൻ ഇടപെടണമെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതും ആവശ്യപ്പെട്ടിരുന്നു.
മണിപ്പൂർ ഒരു വർഷത്തിലേറെയായി സമാധാനത്തിനായി കാത്തിരിക്കുകയാണെന്നും വിഷയത്തിന് പ്രാധാന്യം നൽകണമെന്നും മോഹൻ ഭാഗവത് പറഞ്ഞിരുന്നു. മോഹൻ ഭാഗവതിന്റെ പ്രസ്താവന വലിയ ചർച്ചകൾക്കും ഇടവെച്ചിരുന്നു.