കോഴിക്കോട്: ആത്മ പദ്ധതിയുമായി ബന്ധപ്പെട്ട ധന വിനിയോഗ കണക്കുകൾ ഓഡിറ്റ് നടത്തേണ്ടതില്ലെന്ന് കൃഷി ഡയറക്ടറുടെ വിചിത്ര ഉത്തരവ്. കൃഷി വകുപ്പിന്റെ ആഭ്യന്തര കണക്കു പരിശോധനക്കു വിധേയമാക്കേണ്ടതില്ലെന്നാണ് ഡയറക്ടർ ശ്രീറാം സാംബശിവ റാവു പ്രിൻസിപ്പൽ കൃഷി ഓഫിസർമാർക്ക് നൽകിയ നിർദേശം. ആഭ്യന്തര അന്വേഷണത്തിലൂടെയാണ് കൃഷിവകുപ്പിലെ അഴിമതി പുറത്തറിയുന്നത്. ഇത് തടയുകയാണ് ഈ ഉത്തരവിലൂടെ ലക്ഷ്യം വെക്കുന്നതെന്നാണ് ആക്ഷേപം.
ജില്ലകളിലെ ആത്മ പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ഓഡിറ്റ് ചാർട്ടേഡ് അക്കൗണ്ടൻറ് നടത്തുന്നതിനാലും സംസ്ഥാനതലത്തിൽ കൃഷി ഡയറക്ടർ കേന്ദ്ര സർക്കാരിന് എല്ലാ വർഷവും ഓഡിറ്റഡ് യൂട്ടിലൈസേഷൻ സെർട്ടിഫിക്കറ്റും ചെലവുകളും സമർപ്പിക്കുന്നതിനാലും ആത്മ പദ്ധതികൾക്ക് മറ്റൊരു ഓഡിറ്റിൻ്റെ ആവശ്യകതയില്ലെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്.
ആഭ്യന്തര കണക്കു പരിശോധനക്ക് ആത്മ പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ധനവിനിയോഗ രേഖകൾ നൽകേണ്ടതിൻറെ ആവശ്യം ഇല്ലെന്നാണ് ഉത്തരവ്. ഇത് അഴമിതിക്കാരായ കൃഷി വകുപ്പിലെ ഉദ്യോഗസ്ഥരെ സംരക്ഷിക്കാനുള്ള നീക്കമാണെന്നാണ് ആക്ഷേപം. ഭരണാനുകൂല സംഘടനയിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥ സംഘമാണ് കൃഷി വകുപ്പിൽ അഴിമതിക്ക് കുടപിടിക്കുന്നത്. അവരുടെ സമ്മർദത്തിന് വഴങ്ങിയാണ് ഉത്തരവിറക്കിയെന്നാണ് ആരോപണം.
പദ്ധതി ചെലവിന്റെ 90 ശതമാനം കേന്ദ്ര സർക്കാർ വഹിക്കുന്നത്. കർഷകരുടെ ക്ഷേമത്തിനും ഉന്നമനത്തിനും കാർഷിക മേഖലയുടെ പുരോഗതിക്കുതകുന്ന വിധം കാർഷിക മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കൃഷി സംരക്ഷണ-ക്ഷീരവികസന മത്സ്യ ബന്ധനം എന്നീ വകുപ്പുകളേയും കാർഷിക സർവകലാശാല, കൃഷി വിജ്ഞാനകേന്ദ്രം, ഗവേ ഷണ സ്ഥാപനങ്ങൾ എന്നിവയുടേയും ഈ മേഖലയിൽ നടക്കുന്ന ശാസ്ത്ര പരീക്ഷണ നിരീക്ഷണ പ്രവർത്തനങ്ങളുടെയും കാർഷിക വിജ്ഞാന വ്യാപന പ്രവർത്തനങ്ങളുടെയും ഏകോപനവും സംയോജനവുമാണ് പദ്ധതിയിൽക്കൂടി വിഭാവനം ചെയ്യുന്നത്. ‘ആത്മ’ എന്ന പദ്ധതി സംസ്ഥാനത്തെ 14 ജില്ലകളിലും ഇപ്പോൾ നടപ്പിലാക്കുന്നുണ്ട്.
കൃഷി അനുബന്ധ മേഖലകളിലെ നൂതന സാങ്കേതിക വിദ്യകളും, അതിന്റെ പ്രയോഗ രീതികളും കർഷകരി ലേക്ക് എത്തിക്കുന്നതിന് പരിശീലന പരിപാടികളും പഠനയാത്രകളും, മാതൃകാ പ്രദർശനത്തോട്ടങ്ങളും ഈ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്നു. ഉല്പാദന വരുമാന വർധനവിനായി വിളകളുടെയും ഉത്പ്പന്നങ്ങളുടെയും അടിസ്ഥാന ത്തിൽ കർഷക ഗ്രൂപ്പുകൾ രൂപീകരിച്ച് നൂതന സാങ്കേതിക വിദ്യകൾ ഫലപ്രദമായി കർഷകരിൽ എത്തിക്കാനും മികച്ച പുരോഗമന കർഷകരുടെ ഫാമുകളിൽ വച്ച് അവർ അവലംബിച്ചിരിക്കുന്ന നൂതന കൃഷി രീതികൾ മറ്റു കർഷകർക്ക് പഠിപ്പിച്ചു കൊടുക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി ഫാം സ്ക്കൂളുകൾ നടപ്പിലാക്കി വരുന്നു.
എല്ലാ ജില്ലകളിലും കലക്ടർ ചെയർമാനായും ജോയിൻറ് ഡയറക്ടർ(കൃഷി) പ്രോജക്ട് ഡയറക്ടറായും കാർഷിക അനുബന്ധ വകുപ്പുകളിലെ ജില്ലാ തലവന്മാരും കാർഷിക മേഖലയുമായി ബന്ധപ്പെട്ട ഇതര സ്ഥാപനങ്ങളുടെ പ്രതിനിധികളും അംഗങ്ങളായുളള സ്വയംഭരണ അധികാരമുളള ചാരിറ്റബിൾ സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത് പ്രവർത്തനം നടത്തുന്നുണ്ട്. ജില്ലാ ആത്മ സൊസൈറ്റിയുടെ കീഴിൽ എല്ലാ ബ്ലോക്കുകളിലും ഫാം ഇൻഫർമേഷൻ ആന്റ്റ് അഡ്വൈസറി സെൻററും പ്രവർത്തിക്കുന്നു. ഈ സെന്ററിന് രണ്ട് ഉപസമിതികളും രൂപീകരിച്ചിട്ടുണ്ട്. ബ്ലോക്കുതല ഉദ്ദ്യോഗസ്ഥർ അംഗങ്ങളായുളള ബ്ലോക്ക് ടെക്നോളജി ടീം വിവിധ കാർഷിക വിളകളുടെ പ്രതിനിധികൾ, വനിതാ കർഷകർ, കർഷക സമിതി പ്രിതിനിധികൾ എന്നിവർ ഉൾപ്പെട്ട ഫാർമർ അഡ്വൈസറി കമ്മിറ്റിയും രൂപീകരിച്ചിരുന്നു.
ഈ ഉത്തരവ് നിലനിൽക്കുമോ? കൃഷി ഡയറക്ടർക്ക് ഇത്തരത്തിൽ കൃഷിവകുപ്പിൽ പ്രത്യേക വിഭാഗത്തിൽ മാത്രം ഓഡിറ്റ് നടത്തേണ്ട എന്ന് ഉത്തരവിറിക്കാൻ അധികാരമുണ്ടോ എന്ന ചോദ്യമാണ് ഉയരുന്നത്.