ദില്ലി: സമുദ്രാതിര്‍ത്തിയിൽ കണ്ട ബലൂണിനെ ചൊല്ലി അമേരിക്കയും ചൈനയും തമ്മിലെ പോര് കൂടുതൽ കനക്കുന്നു. ബലൂണ്‍ വെടിവച്ചിട്ടത്തിൽ മാപ്പ് പറയില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ജൊ ബൈഡൻ തുറന്നടിച്ചു. ഇനി ഇത്തരം വസ്തുക്കൾ കണ്ടാൽ കടുത്ത നടപടികളെടുക്കാൻ തന്റെ ടീമിന് നിര്‍ദ്ദേശം നൽകിയെന്നും ബൈഡൻ പറഞ്ഞു. മണിക്കൂറുകൾക്ക് പിന്നാലെ ചൈനയുടെ മറുപടിയെത്തി. പ്രശ്നങ്ങൾ ആളിക്കത്തിച്ച ശേഷം ചര്‍ച്ചയ്ക്ക് ക്ഷണിക്കരുതെന്ന് ചൈനീസ് വിദേശ കാര്യ മന്ത്രി പറഞ്ഞു. ഇക്കഴിഞ്ഞ രണ്ടാം തീയതിയാണ് കൂറ്റൻ ചൈനീസ് ബലൂണ്‍ കണ്ടത്. മൂന്ന് ദിവസത്തിനപ്പുറം അമേരിക്ക മിസൈലയച്ച് ബലൂണ്‍ വെടിവച്ച് കടലിലിട്ടു. ഇത് ചൈനീസ് ചാര ബലൂണെന്നാണ് അമേരിക്കയുടെ ആരോപണം. എന്നാൽ കാലാവസ്ഥ നിരീക്ഷണത്തിനുള്ള ബലൂണ്‍ ദിശ തെറ്റി എത്തിയതെന്നാണ് ചൈനയുടെ വാദം.