അഹമ്മദാബാദ്: ബിൽക്കീസ് ബാനു കേസ് പ്രതികൾ ഒളിവിലല്ലെന്നും മറിച്ച് പൊലീസ് നിരീക്ഷണത്തിലാണെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ. ഗുജറാത്തിലെ ദാഹോദ് പൊലീസിന്റെ ഉയർന്ന ഉദ്യോഗസ്ഥനാണ് പ്രതികൾ പൊലീസ് നിരീക്ഷണത്തിലാണെന്ന വാദവുമായി രംഗത്തെത്തിയത്. ഹാജരാകാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹരജി സുപ്രീം കോടതി റദ്ദാക്കിയതിന് പിന്നാലെയാണ് പൊലീസ് ഉദ്യോഗസ്ഥന്റെ പരാമർശം.
ഗുജറാത്ത് സർക്കാർ പ്രതികൾക്ക് അനുവദിച്ച ശിക്ഷ ഇളവ് റദ്ദാക്കിക്കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവ് വന്നതിന് പിന്നാലെ പ്രതികൾ നിരീക്ഷണത്തിലാണ്. വിധി പ്രസ്താവത്തിന് പിന്നാലെ പൊലീസ് സംഘം പ്രതികളെ ബന്ധപ്പെട്ടിരുന്നുവെന്നും വിധിയോട് പ്രതികൾ സഹകരിച്ചിരുന്നുവെന്നും എ.എസ്.പി സിഷാഖ ജെയ്ൻ പറഞ്ഞു. പ്രതികൾക്ക് കീഴടങ്ങേണ്ടി വരുമെന്ന് അറിയാമായിരുന്നു. ജനുവരി എട്ടിന് സുപ്രീം കോടതി വിധിക്ക് പിന്നാലെ എല്ലാവരും സ്വമേധയാ പൊലീസ് സ്റ്റേഷനിൽ ഹാജരായിരുന്നുവെന്നും തങ്ങളുടെ താമസവുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2022ലെ സ്വാതന്ത്ര്യ ദിനത്തിനാണ് ബിൽക്കീസ് ബാനു കൂട്ടബലാത്സംഗക്കേസ് പ്രതികളെ വെറുതെവിട്ടുകൊണ്ടുള്ള ഗുജറാത്ത് സർക്കാരിന്റെ ഉത്തരവ് വരുന്നത്. ഇതിനെതിരെ ബിൽക്കീസ് ബാനു നൽകിയ ഹരജി പരിഗണിച്ച സുപ്രീം കോടതിയാണ് പ്രതികളോട് തിരികെ ജയിലിലെത്തണമെന്ന് ആവശ്യപ്പെട്ടത്. പിന്നാലെ പ്രതികൾ ഒളിവിലാണെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ഇതിനിടെ കീഴടങ്ങാൻ കൂടുതൽ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ കോടതിയെ സമീപിച്ചെങ്കിലും സാവകാശം നൽകാൻ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. ഞായറാഴ്ച തന്നെ ജയിലിലെത്തണമെന്നാണ് കോടതിയുടെ നിർദേശം.
2002ലെ ഗുജറാത്ത് കലാപത്തിനിടെയായിരുന്നു ബിൽക്കീസ് ബാനു കൂട്ട ബലാത്സംഗത്തിനിരയാകുന്നത്. ഗർഭിണിയായിരുന്നു ബാനുവിനെ പ്രതികൾ ക്രൂരമാി ബലാത്സംഗം ചെയ്യുകയും ഇവരുടെ കുടുംബത്തിലെ ഏഴോളം പേരെ കൊലപ്പെടുത്തുകയുമായിരുന്നു. കൊല്ലപ്പെട്ടവരിൽ ബാനുവിന്റെ മകളുമുണ്ടായിരുന്നു.