തിരുവനന്തപുരം: വിഴിഞ്ഞത്ത് സമരം തുടരുന്ന പശ്ചാത്തലത്തിൽ മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം ചർച്ച ചെയ്യാനായി മന്ത്രിസഭാ ഉപസമിതി ഇന്ന് യോഗം ചേരും. പുനർഗേഹം അടക്കമുള്ള പുനരധിവാസ പ്രശ്നങ്ങൾ ആണ് ഫിഷറീസ് മന്ത്രി അബ്‍ദുറഹ്മാന്‍റെ അധ്യക്ഷതയിൽ യോഗം ചർച്ച ചെയ്യുക. മന്ത്രിമാരായ കെ രാജൻ, എം വി ഗോവിന്ദൻ, ആന്‍റണി രാജു, ചിഞ്ചുറാണി എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുന്ന മറ്റ് മന്ത്രിമാർ.
മുട്ടത്തറയിലെ ഭൂമി ഏറ്റെടുക്കുന്നതിൽ അന്തിമ തീരുമാനം ഉണ്ടായേക്കും. ലത്തീൻ അതിരൂപതയുമായി ഫിഷറീസ് മന്ത്രി നടത്തിയ ചർച്ചയിൽ ഉയർന്ന പുനരധിവാസ നിർദേശങ്ങളും യോഗത്തിൽ ചർച്ചയാകും. ക്യാമ്പുകളിൽ കഴിയുന്നവരെ വീടുകളിലേക്ക് മാറ്റുന്നതിനായുള്ള റിപ്പോർട്ട് 27നുള്ളിൽ സമർപ്പിക്കാനാണ് ജില്ലാ കളക്ടർക്കും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർക്കും നല്‍കിയിരിക്കുന്ന നിർദേശം. ഇതിന് ശേഷമായിരിക്കും മത്സ്യത്തൊഴിലാളി കുടുംബങ്ങളെ വാടക വീടുകളിലേക്ക് മാറ്റിപ്പർപ്പിക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കുക.
വിഴിഞ്ഞത്തെ തീരദേശവാസികളുടെ പ്രതിസന്ധികൾ അതീവഗുരുതരമാണെന്ന് കെസിബിസി ഇന്നലെ വ്യക്തമാക്കിയിരുന്നു. സത്യസന്ധവും ക്രിയാത്മകവുമായ സർക്കാർ ഇടപെടലുകൾ അടിയന്തരമായി വേണമെന്ന് കെസിബിസി ആവശ്യപ്പെട്ടു. ഇപ്പോഴത്തെ അവസ്ഥ കടുത്ത മനുഷ്യാവകാശ ലംഘനമാണ്. തീരദേശവാസികളുടെ പോരാട്ടത്തിനും ലത്തീൻ അതിരൂപതക്കും കെസിബിസിയുടെ പൂർണ്ണ പിന്തുണയുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു.
അതേസമയം, വിഴിഞ്ഞത്ത് തുറമുഖ വിരുദ്ധ സമരം ഇന്ന് മുതൽ ശക്തമാകും. കടൽ മാർഗവും നാളെ വിഴിഞ്ഞം തുറമുഖം ഉപരോധിക്കാനാണ് സമര സമിതിയുടെ തീരുമാനം. പൂന്തുറ ഇടവകയുടെ നേതൃത്തിലാണ് കടൽ മാർഗം ഇന്ന് തുറമുഖം വളയുക. ചെറിയതുറ, സെന്‍റ് സേവിയേഴ്സ്, ചെറുവെട്ടുകാട് ഇടവകകളുടെ നേതൃത്വത്തിൽ മുല്ലൂരിലെ തുറമുഖ കവാടവും ഉപരോധിക്കും. ആറാം ദിവസമായ ഇന്നലെയും വിഴിഞ്ഞത്തെ സമര മുഖം സജീവമായിരുന്നു.
മതാധ്യാപകരുടെ നേതൃത്വത്തിൽ സമരവേദിയിൽ പ്രാർത്ഥനാ ദിനം ആചരിച്ചായിരുന്നു സമരം. തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് കീഴിലെ എല്ലാ മതബോധന കേന്ദ്രങ്ങളിലെയും അധ്യാപകരുടെ നേതൃത്വത്തിലാണ് ഇന്നലെ സമരവേദിയിൽ പ്രാർത്ഥനാദിനം ആചരിച്ചത്. കഴിഞ്ഞ രണ്ട് ദിവസവും ബാരിക്കേഡുകൾ തകർത്ത് സമരക്കാർ പദ്ധതി പ്രദേശത്തിനകത്തേക്ക് കയറി കൊടി നാട്ടിയിരുന്നു.