കൊട്ടാരക്കര: കൊല്ലത്ത് പെട്രോൾ പമ്പിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറി. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. എംസി റോഡിൽ കൊട്ടാരക്കര പനവേലിക്ക് സമീപത്തെ പെട്രോൾ പമ്പിൽ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിക്കായിരുന്നു അപകടം. മറ്റൊരു കാർ തട്ടിയതിനെത്തുടർന്ന് നിയന്ത്രണം വിട്ട കാർ പെട്രോൾ പമ്പിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
എം.സി റോഡില്‍ നിന്നും പെട്രോള്‍ പമ്പിലേക്ക് കയറുകയായിരുന്നു അപകടത്തില്‍പ്പെട്ട വാഹനം. മറ്റൊരു കാര്‍ പിറകിലിടിച്ചതോടെ നിയന്ത്രണം വിട്ട കാര്‍ പാഞ്ഞെത്തി പെട്രോള്‍ പമ്പില്‍ ഇന്ധനം വാങ്ങാനെത്തിയ ആളെയും ജീവനക്കാരെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അഞ്ചല്‍ സ്വദേശി ഷിബുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വാളകം സ്വദേശികളായ ദമ്പതികളാണ് കാറിലുണ്ടായിരുന്നത്. ഇവരെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.