ദില്ലി: പ്രായപൂർത്തിയാകാത്ത മലയാളി വിദ്യാർത്ഥിയെ ലിംഗ മാറ്റ ശസ്ത്രക്രിയക്ക് പ്രേരിപ്പിച്ച് പണ പിരിവ് നടത്തിയെന്ന കേസിൽ കേരള പൊലീസ് അറസ്റ്റ് വാറണ്ട് നൽകിയ യു പി സ്വദേശിനിയ്ക്ക് ആശ്വാസം. കേസിലെ തുടർ നടപടികൾ സ്റ്റേ ചെയ്യാനും സംസ്ഥാനത്തിന് നോട്ടീസ് അയ്ക്കാനും സുപ്രീം കോടതി നിർദ്ദേശിച്ചു. കേസിലെ പ്രതിയായ ഇരുപത്തിനാലുകാരിയുടെ ഹർജിയിലാണ് സുപ്രിം കോടതി നടപടി. നേരത്തെ ഹർജിക്കാരുടെ അപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.
ഹോർമോൺ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിദ്യാർത്ഥിയെ കരുവാക്കി പണപ്പിരിവ് നടത്തിയെന്ന് പ്ലസ്ടുകാരന്‍റെ മാതാപിതാക്കൾ നൽകിയ പരാതിയിലാണ് കേരള സൈബർ പൊലീസ് കേസ് എടുത്ത് നടപടി തുടങ്ങിയത്. എന്നാൽ, സമൂഹ മാധ്യമ വഴി പരിചയപ്പെട്ട വിദ്യാർത്ഥിക്ക് ഈക്കാര്യത്തിൽ സഹതാപം തോന്നി പണപ്പിരിവിനായി തന്‍റെ ബാങ്കിംഗ് വിവരങ്ങൾ നൽകിയതാണെന്നും മറ്റ് ഇടപെടലുകൾ വിദ്യാർത്ഥി തന്നെയാണ് നേരിട്ട് നടത്തിയതെന്നും ഹർജിക്കാരി പറഞ്ഞു.
ഓണ്‍ലൈന്‍ വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. തുടര്‍ന്ന് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് സഹായിക്കണമെന്ന കുട്ടിയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് തന്‍റെ ബാങ്ക് അക്കൗണ്ട് കൈമാറിയതെന്നും ഹോർമോൺ മാറ്റിസ്ഥാപിക്കൽ തെറാപ്പിക്ക് ആവശ്യമായ പണം കണ്ടെത്താനായി സാമൂഹിക മാധ്യമങ്ങള്‍ വഴി ധനസമാഹരണത്തിന് പിന്നീട് കുട്ടി ശ്രമിച്ചെന്നും പരാതിക്കാരി കോടതിയെ അറിയിച്ചു. താന്‍ ഇതിന് നിര്‍ബന്ധിച്ചിട്ടില്ലെന്നും മറിച്ച് കുട്ടിയുടെ ആവശ്യത്തോട് അവര്‍ അനുഭാവപൂര്‍വ്വം ഇടപെടുകയായിരുന്നെന്നും ഇവര്‍ പരാതിയില്‍ പറയുന്നു. എന്നാല്‍, തന്‍റെ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് സഹായിക്കുന്നവരെയും മാതാ പിതാക്കൾ ഉപദ്രവിക്കുമെന്ന് കുട്ടി പറഞ്ഞതായി ഹർജിക്കാരി കോടതിയെ അറിയിച്ചു
24 വയസുള്ള ഹർജിക്കാരി ബി ടെക് ബിരുദധാരിണിയാണ്. നിലവിൽ ഇവര്‍ ഒരു സോഫ്റ്റ്‌വെയർ ഡെവലപ്പറായി ജോലി ചെയ്യുന്നു. ഹർജിക്കാരി കേവലം സാഹചര്യത്തിന്‍റെ ഇരയാണെന്നും കേസിലേക്ക് വെറുതെ വലിച്ചിഴക്കപ്പെട്ടെന്നും പരാതി യുവതി കോടതിയെ അറിയിച്ചു. അഡ്വക്കറ്റുമാരായ ദിവാൻ ഫാറൂഖ്, ശ്രീറാം പാറക്കാട്ട്, എം എസ് വിഷ്ണു ശങ്കർ എന്നിവര്‍ ഹര്‍ജിക്കാരിക്ക് വേണ്ടി ഹാജരായി.












