കണ്ണൂർ: കണ്ണൂർ മാക്കൂട്ടം ചുരത്തിൽ ട്രോളി ബാഗിൽ മൃതദേഹം കഷ്ണങ്ങളായി കണ്ടെത്തിയ സംഭവത്തില്‍ മൃതദേഹം കൊണ്ട് തള്ളിയ ആളെക്കുറിച്ച് സൂചന ലഭിച്ചെന്ന് പൊലീസ്. മൃതദേഹം തിരിച്ചറിയാൻ പറ്റാത്ത വിധം അഴുകിയതിനാൽ ട്രോളി ബാഗിൽ നിന്ന് ലഭിച്ച ചുരിദാർ കേന്ദ്രീകരിച്ചാണ് നിലവിലെ അന്വേഷണം. കണ്ണവത്തെ യുവതി വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ ധരിച്ച ചുരിദാർ ഇതല്ലെന്ന് യുവതിയുടെ അമ്മ മൊഴി നൽകി.
അതേസമയം, കേസന്വേഷണം കേരളത്തിലേക്ക് വ്യാപിപ്പിത്തിരിക്കുകയാണ് കർണാടക പൊലീസ്. വിരാജ്പേട്ട സി ഐ ശിവരുദ്രയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കണ്ണവത്തെത്തി. കണ്ണവത്ത് നിന്നും കാണാതായ യുവതിയുടെ വീട്ടിലാണ് അന്വേഷണ സംഘമെത്തിയത്. പൊലീസ് യുവതിയുടെ അമ്മയുടെ മൊഴിയെടുത്തു. യുവതിയുടെ ബന്ധുക്കൾ മടികേരി മെഡിക്കൽ കോളേജിലെത്തി മൃതദേഹം കണ്ടിരുന്നു. കേസിന്റെ അന്വേഷണം കണ്ണവത്തിന് പുറമെ കണ്ണപുരത്തേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. കണ്ണപുരത്തും ഒരു യുവതിയെ കാണാതായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് അന്വേഷണം കണ്ണപുരത്തേക്കും വ്യാപിപ്പിച്ചത്.
തലശേരി – കുടക് അന്തർ സംസ്ഥാന പാതയിൽ മാക്കൂട്ടം പെരുമ്പാടി ചുരത്തിൽ കഴിഞ്ഞ ദിവസമാണ് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. നാല് കഷ്ണങ്ങളാക്കി പെട്ടിയിൽ ഉപേക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. കേരള അതിർത്തിയായ കൂട്ടുപുഴയിൽ നിന്ന് 17 കിലോമീറ്റർ മാറിയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം സ്ത്രീയുടെതാണെന്ന് സൂചന. സംഭവ സ്ഥലത്ത് നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വനംവകുപ്പും പൊലീസും പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് ട്രോളിയിലാക്കി കഷ്ണങ്ങളാക്കി മൃതദേഹം കണ്ടെത്തിയത്.