മനുഷ്യർ സ്വന്തം ഇഷ്ടപ്രകാരം ടാറ്റൂ ചെയ്യുന്നത് ഇന്നൊരു പുതിയ കാര്യം ഒന്നുമല്ല. എന്നാൽ, മൃഗങ്ങളെ പിടിച്ച് ടാറ്റൂ അടിപ്പിച്ചാൽ അത് മൃഗപീഡനമാണ്. അതുപോലെ, അടുത്തിടെ, മെക്സിക്കോയിലെ സിയുഡാഡ് ജുവാരസിലെ സെറെസോ 3 ജയിലിൽ ദേഹം മുഴുവനും ടാറ്റൂ ചെയ്യിപ്പിച്ച ഒരു പൂച്ചയെ കണ്ടെത്തി. ഒരു ക്രിമിനൽ സംഘത്തിന്റെ കയ്യിലായിരുന്ന പൂച്ചയെ അവർ ഉപദ്രവിച്ചതായും പൊലീസ് കണ്ടെത്തി. സ്ഫിൻക്സ് ഇനത്തിൽപ്പെടുന്നതാണ് പൂച്ച. ഈ പൂച്ചകൾക്ക് സ്വതവേ രോമം ഉണ്ടാകാറില്ല. അതിന്റെ രോമമില്ലാത്ത തൊലിയിൽ ഇരുവശത്തുമാണ് ടാറ്റൂ ഉണ്ടായിരുന്നത്. അത് വ്യക്തമായി കാണാമായിരുന്നു എന്നും പൊലീസ് പറയുന്നു. അതിൽ ഒരു ടാറ്റൂവിൽ മെയ്‍ഡ് ഇൻ മെക്സിക്കോ എന്ന് എഴുതിയിരുന്നു. പൂച്ചയെ രക്ഷപ്പെടുത്തിയ ശേഷം ഡോക്ടർമാർ അതിന്റെ ദേഹത്ത് നിന്നും ടാറ്റൂ നീക്കം ചെയ്തു. ഇപ്പോൾ പൂച്ചയെ ദത്ത് നൽകാൻ വേണ്ടി കാത്തിരിക്കുകയാണ്. സ്നേഹവും കരുതലും ഉള്ള ഏതെങ്കിലും ഒരു കുടുംബം പൂച്ചയെ ദത്തെടുക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
ജുവാരസിലെ ഇക്കോളജി ഡയറക്ടർ സീസർ റെനെ ഡയസ് മാധ്യമങ്ങളോട് പറഞ്ഞത്, ആളുകളുമായി വളരെ അടുത്ത് ഇടപഴകുന്ന പൂച്ചയാണ് ഇത്. അതിന് ഇൻഫെക്ഷൻ ഒന്നും തന്നെ ഇല്ല എന്നാണ്. നന്നായി നോക്കുമെന്ന് ഉറപ്പുള്ള മെക്സിക്കോയ്ക്ക് പുറത്ത് നിന്നുള്ളവർക്കും പൂച്ചയെ ദത്തെടുക്കാം എന്നും ഡയസ് പറഞ്ഞു. മാർച്ച് ഒന്നിനായിരിക്കും ഏത് കുടുംബത്തിനാണ് പൂച്ചയെ നൽകുക എന്ന അന്തിമ തീരുമാനം എടുക്കുന്നത്. ഏതായാലും ഇപ്പോൾ പൂച്ച കഴിയുന്ന അഭയകേന്ദ്രത്തിൽ ആളൊരു സെലിബ്രിറ്റി തന്നെയാണ്. പൂച്ചയെ കാണാനും ചിത്രമെടുക്കാനും ഒക്കെയായി നിരവധിപ്പേരാണ് വരുന്നത്.
ഈ ഇനത്തിൽ പെടുന്ന പൂച്ചകൾ സ്വതവേ ആളുകളുമായി എളുപ്പത്തിൽ ഇണങ്ങുന്നവയാണ്. മാത്രമല്ല, മറ്റ് പൂച്ചകളെ പോലെയല്ല ഇവ. ഇവ ഉടമകളോട് വലിയ വിധേയത്വം കാണിക്കുന്നവയാണ്. അതിനാൽ തന്നെ നായകളുമായി ഇവയെ താരതമ്യപ്പെടുത്താറുണ്ട്.