കോഴിക്കോട്: കോഴിക്കോട്ടെ ഹോട്ടലുടമ സിദ്ദിഖിനെ ഹണിട്രാപ്പില്‍ പെടുത്തി കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്. 3000 പേജുള്ള കുറ്റപത്രമാണ് കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. സിദ്ദിഖിനെ തേൻകെണിയിൽ പെടുത്തി കാറും പണവും പ്രതികള്‍ തട്ടിയെടുത്തിരുന്നെന്നും കുറ്റപത്രത്തില്‍ പറയുന്നു.
സിദ്ദിഖിനെ ക്രൂരമായി കൊലപ്പെടുത്തിയതിന്‍റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് മൂവായിരം പേജുള്ള കുറ്റപത്രത്തിലുള്ളത്. 187 സാക്ഷികളും,നൂറിലധികം തൊണ്ടുമുതലുമുണ്ട്.സിദ്ധിഖിന്‍റെ ഹോട്ടലിലെ മുന്‍ജീവനക്കാരനായ മുഹമ്മദ് ഷിബിലും സുഹൃത്തുക്കളായ ഫര്‍ഹാനയും ആഷിഖും ചേര്‍ന്നാണ് പദ്ധതി തയ്യാറാക്കിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. സിദ്ദിഖിനെ ഹണി ട്രാപ്പില്‍ പെടുത്തി പണം തട്ടാനായിരുന്നു പദ്ധതിയിട്ടത്. എതിര്‍ത്തപ്പോള്‍ ചുറ്റിക ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍.
മെയ് 18-നാണ് തിരൂര്‍ സ്വദേശിയായ മേച്ചേരി സിദ്ദിഖിനെ എരഞ്ഞിപ്പാലത്തെ ലോഡ്ജ് മുറിയില്‍ വെച്ച് കൊലപ്പെടുത്തിയത്. കൊല നടത്തിയ ശേഷം മൃതദേഹം വെട്ടി നുറുക്കി ട്രോളി ബാഗുകളിലാക്കി അട്ടപ്പാടി ചുരത്തിലെ ഒന്‍പതാം വളവില്‍ ഉപേക്ഷിച്ചു. സിദ്ധിഖിനെ കാണാനില്ലെന്ന കുടുംബത്തിന്‍റെ പരാതിയില്‍ തിരൂര്‍ പൊലീസ് നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്‍റെ ചുരുളഴിച്ചത്. മൊബൈല്‍ ഫോണ്‍ ലൊക്കേഷനും സിസിടിവി ദൃശ്യങ്ങളുടം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഷിബിലിന്റേയും ഫര്‍ഹാനയുടേയും പങ്ക് വ്യക്തമായത്. ചെന്നൈയിലേക്ക് കടന്ന ഇരുവരും പിന്നീട് എഗ്മോര്‍ റയില്‍വേസ്റ്റേഷനില്‍ വെച്ച് പിടിയിലാവുകയായിരന്നു. തിരൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് കോഴിക്കോട് നടക്കാവ് പൊലീസിന് കൈമാറുകയായിരുന്നു.