ലഖ്നോ: ഹാഥറസില്‍ പ്രാര്‍ഥനായോഗത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് 121 പേര്‍ മരിച്ച സംഭവത്തില്‍ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. റിട്ട. ഹൈകോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല.
കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് യോഗി പറഞ്ഞു. ആള്‍ക്കൂട്ട ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തേയും പരിക്കേറ്റവരേയും സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആഗ്ര എ.ഡി.ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വിശദ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, ആൾദൈവമായ സാകർ വിശ്വഹരി ഭോലെ ബാബ എന്നറിയപ്പെടുന്ന ബാബാ നാരായൺ ഹരിയെ പ്രതി ചേർത്തിട്ടില്ല. അദ്ദേഹം ഒളിവിലാണ്.
സംഭവത്തിൽ മുഖ്യ സംഘാടകനായ ദേവപ്രകാശ് മധുക്കർ അടക്കമുള്ളവർക്കെതിരെ മാത്രമാണ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ഇരകള്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചതായി യോഗി അറിയിച്ചു. ഇരകളുടെ പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് മുഖ്യമന്ത്രിയുടെ ബാല്‍സേവ പദ്ധതി പ്രകാരം വിദ്യാഭ്യാസത്തിനുള്ള ക്രമീകരണങ്ങള്‍ നടത്തും. മരിച്ചവരുടെ കുടുംബത്തിന് നാലുലക്ഷം വീതവും പരിക്കേറ്റവര്‍ക്ക് ഒരുലക്ഷം രൂപവീതവും നല്‍കും.
മരിച്ച 121 പേരില്‍ ആറുപേര്‍ മറ്റുസംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ്. ഹരിയാന, മധ്യപ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും മരിച്ചവരിലുണ്ട്. 31 പേര്‍ ചികിത്സയിലാണ്. ഇതില്‍ ആരുടേയും നിലഗുരുതരമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ദുരന്തം സി.ബി.ഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് അലഹബാദ് ഹൈകോടതിയിൽ അഭിഭാഷകൻ ഗൗരവ് ദ്വിവേദി പൊതുതാൽപര്യ ഹരജി നൽകി. ജില്ല ഭരണകൂടമാണ് ദുരന്തത്തിന് ഉത്തരവാദികളെന്ന് ഹരജിയിൽ പറയുന്നു.