ടൂറിസ്റ്റ് വിസയില്‍ ബഹ്റൈനിലെത്തിയശേഷം പ്രവാസികള്‍ തൊഴില്‍വിസയിലേക്ക് മാറുന്ന രീതി വിലക്കണണെന്ന് ബഹ്‌റൈന്‍ എംപിമാരുടെ സമിതി ആവശ്യപ്പെട്ടു. ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ പ്രവര്‍ത്തനം സംബന്ധിച്ച് അന്വേഷിക്കുന്ന സമിതിയുടെ ശിപാര്‍ശകളിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ആകെ 39 ശിപാര്‍ശകളാണ് മംദൂഹ് അല്‍ സാലിഹ് ചെയര്‍മാനായ സമിതി മുന്നോട്ടുവെച്ചിരിക്കുന്നത്. ചൊവ്വാഴ്ച പാര്‍ലമെന്റ് സെഷനില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാനായി എല്‍.എം.ആര്‍.എ ചെയര്‍മാനും തൊഴില്‍ മന്ത്രിയുമായ ജമീല്‍ ഹുമൈദാനോട് ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
2019 മുതല്‍ 2023 ജൂണ്‍വരെ കാലയളവില്‍ ടൂറിസ്റ്റ് വിസയില്‍ വന്ന 85,246 പ്രവാസികള്‍ക്ക് വിസ മാറ്റാന്‍ അനുമതി നല്‍കിയതായി കമ്മിറ്റി ചൂണ്ടിക്കാട്ടി. 2021ല്‍ 9424ഉം , 2022ല്‍ 46,204ഉം, ഈ വര്‍ഷം ജൂണ്‍വരെ 8598 ഉം ടൂറിസ്റ്റ് വിസകളാണ് തൊഴില്‍ വിസയാക്കി മാറ്റിയത്. എല്‍എംആര്‍എയുടെ ചില സേവനങ്ങള്‍ രജിസ്‌ട്രേഷന്‍ സെന്ററുകളില്‍ നല്‍കുന്നത് റദ്ദാക്കുക, പ്രവാസികളെ വിദഗ്ധ തൊഴിലാളികളായി രജിസ്റ്റര്‍ ചെയ്യുന്നത് റദ്ദാക്കുക എന്നീ ആവശ്യങ്ങളും സമിതി ഉന്നയിച്ചിട്ടുണ്ട്.