ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷ (നീറ്റ്) ഫലത്തിൽ ക്രമക്കേട് നടന്നതായി ആരോപണം. മുമ്പെങ്ങുമില്ലാത്ത വിധത്തിൽ 719, 718 മാർക്ക് കുട്ടികൾക്ക് ലഭിച്ചെന്നും ഒന്നാം റാങ്ക് ലഭിച്ച ആറുപേർ ഹരിയാനയിലെ ഒരേ കേന്ദ്രത്തിൽ പരീക്ഷ എഴുതിയവരാണെന്നുമാണ് പരാതി. നേരത്തെ മൂന്ന് കുട്ടികൾക്കുവരെ ഒന്നാം റാങ്ക് ലഭിച്ചിടത്ത്, ഇക്കുറി 67 പേർക്ക് ഒന്നാം റാങ്ക് ലഭിച്ചതിലും വിദ്യാർഥികൾ സംശയം പ്രകടിപ്പിക്കുന്നുണ്ട്. പരീക്ഷ വീണ്ടും നടത്തണമെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് വിദ്യാർഥികൾ പരാതി നൽകി.
180 ചോദ്യങ്ങളാണ് ഉത്തരമെഴുതാന്‍ നീറ്റ് ചോദ്യപേപ്പറിലുള്ളത്. നാലുമാര്‍ക്കു വീതം 720 മാര്‍ക്കാണ് മുഴുവന്‍ ഉത്തരങ്ങളും ശരിയായി എഴുതുന്ന കുട്ടിക്ക് ലഭിക്കുക. ഒരു ചോദ്യം കുട്ടി ഒഴിവാക്കിയാല്‍ നാലു മാര്‍ക്ക് കുറഞ്ഞ് 716 ആകും. ഒരു ചോദ്യത്തിന് തെറ്റായ ഉത്തരമാണ് എഴുതുന്നതെങ്കില്‍ നെഗറ്റിവ് മാര്‍ക്കുകൂടി കുറച്ച് 715 മാര്‍ക്കാണ് ലഭിക്കുക. 720 മാര്‍ക്ക് കിട്ടാത്ത സാഹചര്യത്തില്‍ തൊട്ടടുത്ത മാര്‍ക്ക് 716 അല്ലെങ്കില്‍ 715 മാത്രമേ വരൂ. എന്നാല്‍, ഈ വര്‍ഷത്തെ റാങ്ക് പട്ടികയില്‍ ചരിത്രത്തിലാദ്യമായി 719, 718 മാര്‍ക്ക് ലഭിച്ചതാണ് സംശയം ഉയർത്തുന്നത്.
എന്നാൽ, പഴയ സിലബസിൽനിന്ന് വന്ന ചോദ്യം ഒഴിവാക്കുകയും അതിന്റെ മാർക്ക് അധികമായി നൽകുകയും ചെയ്തതിനാലാണ് ഇങ്ങനെ വന്നതെന്ന് പരീക്ഷ നടത്തിപ്പ് ചുമതലയുള്ള നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) വിശദീകരിച്ചു. ഒന്നാം റാങ്ക് ലഭിച്ചതിൽ 44 പേർ ഇത്തരത്തിൽ ഗ്രേസ് മാർക്ക് ലഭിച്ചവരാണ്. കൂടാതെ, പരീക്ഷ ക്രമീകരണവുമായി ബന്ധപ്പെട്ട് ചില വിദ്യാർഥികൾക്ക് മുഴുവൻ സമയവും പരീക്ഷയെഴുതാൻ സാധിക്കാതെ വന്നെന്നും എൻ.ടി.എയുടെ നോർമലൈസേഷൻ മാനദണ്ഡങ്ങളനുസരിച്ച് ഗ്രേസ് മാർക്ക് അനുവദിച്ചതിനാലാണ് 719, 718 മാർക്ക് ലഭിച്ചതെന്നും എൻ.ടി.എ പറയുന്നു.
അതേസമയം, ചോദ്യ പേപ്പർ ടെലിഗ്രാം ഗ്രൂപ്പുകളിലൂടെ ചോർന്നതായും നേരത്തെ ആരോപണമുയർന്നിരുന്നു. ഫലം അട്ടിമറിച്ചതിലൂടെ ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവിയാണ് തുലാസിലായതെന്ന് കോൺഗ്രസ് ‘എക്സ്’ പ്ലാറ്റ്ഫോമിൽ കുറിച്ചു.