കോഴിക്കോട് : അട്ടപ്പാടിയിലെ ഷോളയൂർ പൊലീസിനെതിരെ ഡി.ജി.പി പരാതി. വെള്ളകുളം ഊരിലെ രാമിയും രങ്കിയുമാണ് പരാതി നൽകിയത്. ആദിവാസി ഭൂമി കൈയേറ്റ സംഘങ്ങൾക്ക് ഷോളയൂർ പൊലീസ് ഉദ്യോഗസ്ഥർ ഒത്താശ ചെയ്യുന്നുവെന്നും ഇക്കാര്യത്തിൽ നടപടിയെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം.
ഷോളയൂർ വില്ലേജിലെ സർവേ നമ്പർ 1816 ൽ പാരമ്പര്യമായി ആദിവാസികൾ കൈവശം വച്ചിരിക്കുന്ന ഭൂമി രാമിയുടെയും രങ്കിയുടെയുമാണ്. ഭൂമി അന്യാധീനപ്പെട്ട ടി.എൽ.എ കേസിൽ ഒറ്റപ്പാലം ആർ.ടി.ഒ അനുകൂല ഉത്തരവ് നിലവിലുണ്ട്. എന്നാൽ, തമിഴ്നാട്ടിൽ താമസിക്കുന്ന മുത്തമ്മാളിന്റെ അനുയായിയായ സദാനന്ദ രങ്കരാജ് ഈ ഭൂമിയിൽ എത്തി ആദിവാസികളെ ഭീഷണിപ്പെടുത്തി.
തുടർന്ന് ഹൈക്കോടതിയിൽ നിന്ന് ആദിവാസികൾക്ക് അനുകൂലമായി ഉത്തരവ് ലഭിച്ചു. എന്നാൽ ഷോളയൂർ പൊലീസ് സറ്റേഷനിൽ കോടതി ഉത്തരവ് നൽകിയിട്ടും പൊലീസ് കൈയേറ്റക്കാർക്ക് ഒപ്പമാണ്. ഷോളയൂർ എസ്.എച്ച്.ഒയുടെ നിർദ്ദേശ പ്രകാരം വനിതാ പൊലീസ് അടക്കം വന്ന് ആദിവാസികളെ ഭീഷണിപ്പെടുത്തി.
മുത്തമ്മാളിന് അനുകൂലമായി ഹൈ കോടതിയുടെ ഉത്തരവുണ്ടെന്ന് പറഞ്ഞ് താലൂക്ക് സർവയർ ഭൂമി അളക്കുകയും ചെയ്തു. ഇതിൽ പരാതി നൽകിയിരുന്നു. ആ പരാതി താലൂക്ക് ഓഫീസിൻറെ പരിഗണനയിലാണ്. ഈ സാഹചര്യത്തിൽ സദാനന്ദ രംഗരാജ് പൊലീസ് സഹായത്തോടെ ഭൂമിയിലേക്ക് അതിക്രമിച്ചു കയറി.ആദിവാസികളുടെ പുരാതന ക്ഷേത്രം തകർക്കുകയും അവിടെ താൽക്കാലിക കുടിൽ കെട്ടുകയും ചെയ്തു.
തമിഴ്നാട്ടിൽ നിന്ന് കൊണ്ടുവന്ന പണിക്കാരാണ് ഇതെല്ലാം ചെയ്യുന്നത്. ഈ അനധികൃത നിർമാണം ഷോളയൂർ എസ്.എച്ച്.ഒവിന്റെ ഒത്താശയാണ് നടന്നത്. വനാതി പൊലീസ് ലാത്തികൊണ്ട് ആദിവാസികളെ ഭയപ്പെടുത്തി. ഒരാഴ്ച മുമ്പ് ഷോളയൂർ പൊലീസ് സ്റ്റേഷനിൽ ഹൈകോടതിയുടെ ഉത്തരവിന്റെ കോപ്പി നൽകിയതാണ്. അന്നും സദാനന്ദ രംഗരാജ് അവിടെ ഉണ്ടായിരുന്നു. ഒരു ബാഗ് തുറന്നു കുറെ നോട്ടെടുത്ത് നീട്ടിയിട്ട് ഭൂമിയും വീടും ഒഴിഞ്ഞുതരണമെന്ന് പറഞ്ഞു.
അത് പറ്റില്ല എന്ന് പറഞ്ഞ് അവിടെ നിന്നും പോന്നു. അതിനുശേഷമാണ് പൊലീസ് സംഘം ഭൂമിയലെത്തി. പൊലീസ് സാന്നിധ്യത്തിലാണ് സദാനന്ദ രങ്കരാജ് ഭൂമി കൈയേറ്റം നടത്തിയത്. ആദിവാസികളായ തങ്ങൾക്ക് നീതി ലഭിക്കണമെന്നാണ് ഡി.ജി.പിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടത്.