ഗുവാഹതി/ മുംബൈ: വോട്ടുയന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമുകളുടെ സുരക്ഷയിൽ ആശങ്ക. അസമിലും മഹാരാഷ്ട്രയിലും സ്ട്രോങ് റൂമുകളുടെ പരിസരത്ത് സുരക്ഷ വീഴ്ചയുണ്ടായെന്നും അജ്ഞാതരായ ആളുകൾ പ്രവേശിച്ചുവെന്നും ചൂണ്ടിക്കാട്ടി സ്ഥാനാർഥികൾ പരാതിയുമായി രംഗത്തെത്തി. അസമിലെ നാൽബാരി ജില്ലയിലും മഹാരാഷ്ട്രയിലെ അഹ്മദ്നഗറിലുമാണ് പരാതി ഉയർന്നത്. നാൽബാരിയിൽ സുരക്ഷവീഴ്ചയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുമെന്ന് അസം സർക്കാർ അറിയിച്ചു.
ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി. കല്യാൺ ചക്രവർത്തിക്കാണ് അന്വേഷണച്ചുമതല. ബർപേട്ട ലോക്സഭ മണ്ഡലത്തിൽപെട്ട നൽബാരി ജില്ലയിൽ മൂന്നാംഘട്ട തെരഞ്ഞെടുപ്പ് നടന്ന മേയ് ഏഴിനാണ് സുരക്ഷ വീഴ്ചയുണ്ടായത്. വോട്ടിങ് യന്ത്രങ്ങൾ സ്വീകരിക്കുന്ന കേന്ദ്രത്തിലുണ്ടായിരുന്ന അജ്ഞാതനായ ഒരാൾ ദേശീയ അവാർഡ് നേടിയ സിനിമ നിർമാതാവ് ലൂയിത് കുമാർ ബർമാന് 10 ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ടെന്ന് ജില്ല കമീഷണർ വർണാലി ദേകയാണ് മേയ് 10ന് പൊലീസിൽ പരാതി നൽകിയത്. പ്രതികരിക്കുംമുമ്പ് ഇയാൾ അവിടെനിന്ന് കടന്നുപോയതായും പരാതിയിൽ പറയുന്നു. ദേകയുടെ ക്രമക്കേടുകളെ കുറിച്ച് സമൂഹ മാധ്യമങ്ങളിൽ പ്രതികരിച്ചിരുന്നയാളാണ് ബർമാൻ. പിന്നീട് പൊലീസ് സ്റ്റേഷനിൽ ഹാജരായ ബർമാൻ തനിക്കെതിരെ പ്രതികാരം ചെയ്യാൻ ദേക കള്ളക്കേസ് നൽകിയതാണെന്ന് പറഞ്ഞിരുന്നു.
എന്നാൽ ദേകയുടെ പരാതിയിൽ പറയുന്നയാളെ പൊലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതോടെയാണ് മേയ് 14 ന് കോൺഗ്രസ് സ്ഥാനാർഥി ദീപ് ബയാൻ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയത്. സ്ട്രോങ് റൂം പരിസരത്തേക്ക് സ്ഥാനാർഥികൾക്കും തെരഞ്ഞെടുപ്പ് ഏജന്റുമാർക്കും അല്ലാതെ അനുമതിയില്ലാതെ ആർക്കും പ്രവേശിക്കാൻ കഴിയില്ലെന്നും അതിനാൽ പണം ആവശ്യപ്പെട്ട് അജ്ഞാതൻ പരിസരത്ത് പ്രവേശിച്ചുവെന്ന പരാതി ഗുരുതരമായ സുരക്ഷ വീഴ്ചയുടെ തെളിവാണെന്നും ഇത് അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.
അതിനിടെ മഹാരാഷ്ട്രയിലെ അഹ്മദ് നഗർ ലോക്സഭ മണ്ഡലത്തിലെ സ്ഥാനാർഥിയായ നീലേഷ് ലാങ്കെയും സമാനമായ പരാതിയുമായി രംഗത്തെത്തി. വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിക്കുന്ന ഗോഡൗണിലേക്ക് ഒരാൾ കയറാൻ ശ്രമിച്ചതായി അദ്ദേഹം പറഞ്ഞു. ത്രിതല സുരക്ഷ മറികടന്നെത്തിയയാൾ സി.സി.ടി.വി കാമറ തകർക്കാൻ ശ്രമിക്കുന്നതിന്റെയും ഗോഡൗണിൽ എത്താൻ ശ്രമിക്കുന്നതിന്റെയും ദൃശ്യങ്ങളും അദ്ദേഹം സമൂഹ മാധ്യമമായ എക്സിൽ പങ്കുവെച്ചു. തന്റെ സഹപ്രവർത്തകർ തക്കസമയത്ത് ഇടപെട്ടതായും അദ്ദേഹം കുറിച്ചു.
കഴിഞ്ഞയാഴ്ച പുണെ ജില്ലയിലെ ബാരാമതി ലോക്സഭ മണ്ഡലത്തിൽ നിന്നുള്ള വോട്ടുയന്ത്രങ്ങൾ സൂക്ഷിച്ചിരുന്ന ഗോഡൗണിലെ സി.സി ടി.വി കാമറകൾ 45 മിനിറ്റോളം പ്രവർത്തനരഹിതമായതിൽ എൻ.സി.പി ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇലക്ട്രിക്കൽ ജോലികൾക്കിടെ കാമറകളുടെ കേബിൾ കുറച്ചുസമയത്തേക്ക് നീക്കം ചെയ്തതാണെന്നാണ് തെരഞ്ഞെടുപ്പ് കമീഷന്റെ വിശദീകരണം.