പാരീസ് : വിമാന യാത്രയിൽ 13 മണിക്കൂർ ദുർഗന്ധം വമിക്കുന്ന നായയുടെ അരികിൽ ഇരിക്കേണ്ടി വന്നതിന് പരാതിപ്പെട്ട ന്യൂസിലാൻഡ് ദമ്പതികൾക്ക് ടിക്കറ്റ് ചാർജ് തിരികെ നൽകി. 1,400 ഡോളറിൽ അധികം തുകയാണ് ദമ്പതികൾക്ക് വിമാന കമ്പനി തിരികെ നൽകിയത്. ഏതാണ്ട് 1,16,352 ഇന്ത്യൻ രൂപയോളം വരും ഇത്. കഴിഞ്ഞ ജൂണിൽ ദമ്പതികളായ ഗില്ലും വാറൻ പ്രസും സിംഗപ്പൂർ എയർലൈൻസ് വിമാനത്തിൽ പാരീസിൽ നിന്ന് യാത്ര ചെയ്യവേ ഇവരുടെ തൊട്ടടുത്ത സീറ്റില്‍ ദുർഗന്ധം വമിക്കുന്ന നായയായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ അസംതൃപ്തരായ ദമ്പതികൾ വിമാനത്തിലെ ജീവനക്കാരോട് പരാതിപ്പെട്ടെങ്കിലും നായയെ മറ്റൊരു സീറ്റിലേക്ക് മാറ്റാനോ ദമ്പതികൾക്ക് മറ്റൊരു സീറ്റ് നൽകാനോ ജീവനക്കാർക്ക് സാധിച്ചില്ല.
പ്രീമിയം ഇക്കോണമി സീറ്റുകളുടെ അഭാവം മൂലമാണ് ഇവർക്ക് മറ്റൊരു സീറ്റ് ലഭിക്കാതെ പോയത്. ഇക്കോണമി ഭാഗത്തിന്‍റെ പിൻഭാഗത്ത് സീറ്റുകൾ ഉണ്ടെന്ന് ജീവനക്കാർ അറിയിച്ചെങ്കിലും ദമ്പതികൾ അങ്ങോട്ട് മാറാൻ തയ്യാറായില്ല. പ്രീമിയം ഇക്കോണമി സീറ്റുകൾക്കായി പണം നൽകിയതിനാൽ തങ്ങള്‍ക്ക് ആ സീറ്റുകള്‍ തന്നെ വേണമെന്ന് ദമ്പതികള്‍ ആവശ്യപ്പെട്ടു. തുടര്‍ച്ചായായി മണിക്കൂറുകളോളം നായയുടെ അരികിലിരുന്നുള്ള യാത്ര അസഹനീയമായതോടെ ദമ്പതികൾ ഇക്കോണമി സീറ്റിലേക്ക് മാറാൻ തീരുമാനിച്ചു. സംഭവത്തിന് ശേഷം എയർലൈൻ ദമ്പതികളോട് ക്ഷമാപണം നടത്തുകയും 73 ഡോളറിന്‍റെ രണ്ട് ഗിഫ്റ്റ് വൗച്ചറുകൾ അവർക്ക് നൽകുകയും ചെയ്തു. പ്രീമിയം ഇക്കോണമിയിൽ നിന്ന് ഇക്കോണമിയിലേക്ക് സീറ്റ് മാറിയതിനാൽ തങ്ങളുടെ ടിക്കറ്റ് ചാർജ് റീഫണ്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദമ്പതികൾ പരാതി നൽകുകയായിരുന്നു.