ചെന്നൈ: ചെന്നൈയിൽ നാലാം ക്ലാസ്സുകാരിക്ക് നേരെ പശുവിന്റെ ആക്രമണം. ചെന്നൈ എംഎംഡിഎ കോളനിയിലാണ് നടുക്കുന്ന സംഭവം ഉണ്ടായത്. സ്കൂൾ വിട്ടു വരികയായിരുന്നു കുട്ടിക്കു നേരെയാണ് പശുവിന്റെ ആക്രമണമുണ്ടായത്. ഒൻപത് വയസ്സുള്ള കുട്ടിയാണ് ആക്രമണത്തിനിരയായത്. കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പശുവിന്റെ ഉടമയ്ക്കെതിരെ കേസെടുത്തു. പശുവിനെ അലക്ഷ്യമായി അഴിച്ചുവിട്ടതിനാണ് കേസ്.
ഇന്നലെ വൈകുന്നേരം മൂന്നരയ്ക്കാണ് സംഭവമുണ്ടായത്. അമ്മയ്ക്കും സഹോദരിക്കുമൊപ്പം പതിവു പോലെ സ്കൂൾ വിട്ട് കുട്ടി വീട്ടിലേക്ക് വരികയായിരുന്നു. നടന്നുവരുന്നതിന്റെ എതിർവശത്തായി രണ്ട് പശുക്കൾ നിന്നിരുന്നു. എന്നാൽ വളരെ പെട്ടെന്ന് അപ്രതീക്ഷിതമായി കുട്ടിക്ക് നേരെ പശു തിരിയുകയായിരുന്നു. പിന്നീട് പശു കുട്ടിയെ കൊമ്പിൽ തൂക്കിയെറിഞ്ഞു. നിലത്തു വീണ കുട്ടിയെ തുടർച്ചയായി ചവിട്ടി. അമ്മയും അടുത്തുണ്ടായിരുന്ന ആളുകളും പശുവിനെ കല്ലെറിഞ്ഞ് മാറ്റാൻ ശ്രമിച്ചെങ്കിലും പശു കുട്ടിയെ ക്രൂരമായി ചവിട്ടുകയായിരുന്നു. ഒരു മിനിറ്റോളം പശു കുട്ടിയെ ചവിട്ടി. അതിനുശേഷം പശുവിന് നേരെ കൂടുതൽ കല്ലെറിഞ്ഞതോടെയാണ് പശു ആക്രമണത്തിൽ നിന്ന് പിന്നോട്ട് പോയത്. പിന്നീട് മറ്റുള്ളവരെ ആക്രമിക്കാനും ശ്രമിച്ചു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ പശു കുട്ടിയെ ആക്രമിക്കുന്നത് വ്യക്തമായി കാണാം. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.