നെയ്യാറ്റിൻകര: ജീവിച്ചിരുന്ന ഉമ്മൻ ചാണ്ടിയെക്കാൾ അദ്ദേഹത്തിന്റെ ഓർമകളെപ്പോലും സി.പി.എമ്മിന് ഭയമാണെന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ. കഴിഞ്ഞ ദിവസം ചാനൽ ചർച്ചയിൽ സി.പി.എം നേതാവ് അനിൽകുമാർ ടൈറ്റാനിയം അഴിമതി കേസിൽ ഉമ്മൻ ചാണ്ടി പ്രതിയാണെന്ന് പറഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധ ഭരണത്തിനെതിരെ അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് ആൻഡ് എംപ്ലോയീസ് കോൺഗ്രസ് നെയ്യാറ്റിൻകര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബസ്സ്റ്റാൻഡ് ജങ്ഷനിൽ നടത്തിയ പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പ്രസിഡന്റ് അമരവിള സുദേവകുമാർ അധ്യക്ഷതവഹിച്ചു. ജില്ല പ്രസിഡന്റ് എൻ.എസ്. നുസൂർ മുഖ്യപ്രഭാഷണം നടത്തി.
കോൺഗ്രസ് നേതാക്കളായ എസ്.കെ. അശോക് കുമാർ, എം. മുഹിനുദ്ദീൻ, വെൺപകൽ അവനീന്ദ്രകുമാർ, ജോസ് ഫ്രാങ്ക്ലിൻ, കക്കാട് രാമചന്ദ്രൻ നായർ, ആർ. അജയകുമാർ, സെന്തിൽ, മരുതത്തൂർ ഗോപൻ തുടങ്ങിയവർ സംസാരിച്ചു. നെയ്യാറ്റിൻകര അജിത് സ്വാഗതം പറഞ്ഞു.