കൽപറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികൾക്കെതിരെ ക്രിമിനൽ ഗൂഢാലോചന കുറ്റം ചുമത്തും. സിദ്ധാർഥനെ മർദിച്ചതിൽ വ്യക്തമായ ആസൂത്രണമുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
പെൺകുട്ടി നൽകിയ പരാതിയിൽ നിയമനടപടിയുമായി മുന്നോട്ടുപോയാൽ പൊലീസ് കേസാകുമെന്ന് ഭീഷണിപ്പെടുത്തി തിരുവനന്തപുരത്തെ വീട്ടിലേക്ക് പോയ സിദ്ധാർഥനെ ഒത്തുതീർപ്പിനെന്ന പേരിൽ പാതിവഴിക്കുവെച്ച് തിരിച്ചുവിളിക്കുകയായിരുന്നു. 16ന് പുലർച്ച ഹോസ്റ്റലിൽ എത്തിയ സിദ്ധാർഥനെ മുറിയിൽ പൂട്ടിയിട്ടു. അന്നു സ്പോർട്സ് ഡേ ആയതിനാൽ വിദ്യാർഥികളെല്ലാം ഇവിടെയായിരുന്നു. രാത്രി ഒമ്പതിനു ശേഷമാണ് സിദ്ധാർഥനെ രഹൻ ബിനോയി ഉൾപ്പെടെയുള്ളവർ ഹോസ്റ്റലിന് എതിർവശത്തെ കുന്നിൻമുകളിലേക്ക് കൊണ്ടുവരുന്നത്.
അവിടെ ഇവരെ കാത്ത് പ്രതികളിലൊരാളായ കാശിനാഥൻ ഉണ്ടായിരുന്നു. ഇവിടെ വെച്ചാണ് ചോദ്യംചെയ്യൽ ആരംഭിക്കുകയും മർദനം അരങ്ങേറിയതും. മണിക്കൂറോളം ചോദ്യംചെയ്യലും മർദനവും നടന്നു. പിന്നീട് ചോദ്യം ചെയ്യൽ ഇങ്ങനെ പോരെന്ന തീരുമാനത്തിൽ സിദ്ധാർഥനെ ഹോസ്റ്റലിലേക്ക് തിരിച്ചുകൊണ്ടുവന്നു. ഹോസ്റ്റലിലെ എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറി അമൽ ഇഷാന്റെ 21ാം നമ്പർ മുറിയിൽ കൊണ്ടുവന്ന് രണ്ടുമണിക്കൂർ ചോദ്യംചെയ്യലും മർദനവും തുടർന്നു.