ബെംഗളൂരു : കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയെ മാറ്റിയേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ ബിജെപി നിര്‍ണ്ണായക നേതൃയോഗം ഇന്ന് ബെംഗ്ലൂരുവിൽ ചേരും. തെരഞ്ഞെടുപ്പിന് എട്ട് മാസം മാത്രമാണ് ബാക്കിയുള്ളപ്പോഴാണ് ഈ യോഗം. ബസവരാജ് ബൊമ്മയുടെ സര്‍ക്കാറിനെതിരെ സംഘപരിവാർ യുവജന സംഘടനകൾ അതൃപ്തി അറിയിച്ച് രംഗത്തെത്തിയിരുന്നു. യുവമോർച്ച പ്രവർത്തകന്റെ കൊലപാതകത്തിന് പിന്നാലെ ബൊമ്മയ് – കട്ടീൽ നേതൃത്വങ്ങൾക്കെതിരെ സംഘപരിവാറിലും, ബിജെപിയിലും അതൃപ്തി ശക്തമാണ്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ യോഗത്തില്‍ പങ്കെടുക്കും എന്നാണ് റിപ്പോര്‍ട്ട്. അമിത് ഷായുടെ ബെംഗളൂരു സന്ദർശനത്തിന് ശേഷം സംസ്ഥാനം മൂന്നാമതൊരു മുഖ്യമന്ത്രിയെ കാണാൻ ഒരുങ്ങുകയാണെന്ന് കഴിഞ്ഞ ദിവസം കര്‍ണാടക കോൺഗ്രസ് ട്വീറ്റിലൂടെ പരിഹസിച്ചു. ഒന്നാം വാർഷികത്തിന്‍റെ “ജനോത്സവം” നടത്താനാകാത്ത ബൊമ്മൈ സർക്കാരിന്‍റെ അന്ത്യം ഉടൻ കാണുമെന്ന് കോൺഗ്രസ് പറഞ്ഞു.
ബൊമ്മൈ മുഖ്യമന്ത്രി കസേര വിടാന്‍ മണിക്കൂറുകൾ എണ്ണുന്നത് പോലെ തോന്നുന്നുവെന്നും പുതിയ മുഖ്യമന്ത്രിക്കായുള്ള യുദ്ധം തുടങ്ങിക്കഴിഞ്ഞു, എന്താണ് മുഖ്യമന്ത്രിയെ മാറ്റാൻ കാരണമാകുക എന്നും കോണ്‍ഗ്രസ് ചോദിച്ചു. നിങ്ങളുടെ ഭരണ പരാജയമോ, നേതാക്കൾ തമ്മിലുള്ള വഴക്കോ, അതോ ബിഎസ് യെദ്യൂരപ്പയുടെ ദേഷ്യമോ? – കോണ്‍ഗ്രസ് ട്വീറ്റിലൂടെ ചോദിക്കുന്നു. ബൊമ്മൈയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റാന്‍ പാർട്ടിയുടെ ഉന്നത നേതൃത്വം ആലോചിക്കുന്നതായി ബിജെപി എംഎൽഎ ബി സുരേഷ് ഗൗഡ നടത്തിയ പ്രസ്താവനയ്ക്ക് പിന്നാലെയാണ് കോൺഗ്രസിന്റെ ട്വീറ്റുകള്‍. ‘സ്വാതന്ത്ര്യദിനത്തിന് മുമ്പ് മുഖ്യമന്ത്രിയെ മാറ്റിയേക്കും, പാർട്ടിയിൽ ചർച്ചകൾ നടന്നിട്ടുണ്ട്’ എന്നാണ് ബി സുരേഷ് ഗൗഡ പറഞ്ഞത്.
അതേസമയം, കോൺഗ്രസിന് മറുപടിയുമായി ആരോഗ്യമന്ത്രി കെ സുധാകർ രംഗത്ത് എത്തി. കോണ്‍ഗ്രസ് പാർട്ടി മുഖ്യമന്ത്രി മാറ്റത്തെക്കുറിച്ച് സ്വപ്നം കാണുകയാണെന്ന് അദ്ദേഹം പറഞ്ഞു.