എബോള വൈറസ് എന്ന് മിക്കവരും കേട്ടിരിക്കും. ആഫ്രിക്കയില്‍ പടര്‍ന്നുപിടിച്ച എബോള വൈറസ് ബാധിക്കപ്പെട്ട രോഗികളില്‍ 90 ശതമാനത്തിന്‍റെയും ജീവൻ കവര്‍ന്നിരുന്നു. ഇതുമായി സാമ്യതയുള്ള, ഇത്രയും അപകടഭീഷണി ഉയര്‍ത്തുന്ന മറ്റൊരു വൈറസാണ് മാര്‍ബര്‍ഗ് വൈറസ്.
ആഫ്രിക്കന്‍ രാജ്യങ്ങളില്‍ തന്നെയാണ് മാര്‍ബര്‍ഗ് വൈറസും ഇടവിട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇപ്പോഴിതാ വീണ്ടും മാര്‍ബര്‍ഗ് വൈറസിന്‍റെ ആക്രമണം രൂക്ഷമാകുന്നുവെന്നാണ് ആഫ്രിക്കൻ രാജ്യമായ ഇക്വറ്റോറിയല്‍ ഗിനിയയില്‍ നിന്നുള്ള റിപ്പോര്‍ട്ട്.
മാര്‍ബര്‍ഗ് വൈറസ് ബാധയേറ്റ് ഇവിടെ ഒമ്പത് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എബോളയിലെന്ന പോലെ തന്നെ വൈറസ് ബാധയുണ്ടായാല്‍ കടുത്ത പനി ബാധിക്കപ്പെടുകയാണ് മാര്‍ബര്‍ഗ് വൈറസ് ബാധയിലുമുണ്ടാകുന്നത്. മസ്തിഷ്കജ്വരമാണ് മാര്‍ബര്‍ഗ് വൈറസ് ബാധയില്‍ ഏറ്റവും പേടിക്കേണ്ടത്. ഇതോടൊപ്പം രക്തസ്രാവവും ഉണ്ടാകാം. ഇതും മരണസാധ്യത കൂട്ടുന്നു.
ഇക്വറ്റോറിയല്‍ ഗിനിയയില്‍ മാര്‍ബര്‍ഗ് ബാധയെ തുടര്‍ന്ന് ഒരു പ്രവിശ്യ ആകെയും ക്വാരന്‍റൈനിലാക്കിയിരിക്കുകയാണിപ്പോള്‍.
ഇവിടെ മാര്‍ബര്‍ഗ് വൈറസ് ബാധ നേരത്തെ തന്നെ പടര്‍ന്നുതുടങ്ങിയിരുന്നു. എന്നാലിത് സ്ഥിരീകരിക്കാൻ സമയമെടുക്കുകയായിരുന്നു. നിലവില്‍ ജാഗ്രതയോടെയാണ് ഈ പ്രദേശങ്ങള്‍ തുടരുന്നത്. ജനുവരി ഏഴിനും ഫെബ്രുവരി ഏഴിനുമിടയിലായിട്ടാണ് ഒമ്പത് മരണങ്ങളും നടന്നിരിക്കുന്നത്. നാലായിരത്തിലധികം ആളുകളാണ് ക്വാരന്‍റൈനില്‍ തുടരുന്നത്.
മൃഗങ്ങളില്‍ നിന്നും മറ്റ് ജീവികളില്‍ നിന്നുമാണ് മാര്‍ബര്‍ഗ് വൈറസ് മനുഷ്യരിലേക്ക് എത്തുന്നത്. പ്രത്യേകിച്ചും വവ്വാലുകളില്‍ നിന്നാണ് ഇത് പടരുന്നതെന്ന് കരുതപ്പെടുന്നു. അണുബാധയേറ്റ മനുഷ്യരില്‍ നിന്ന് മറ്റുള്ളവരിലേക്ക് പകരുകയാണ് പിന്നീടുണ്ടാകുന്നത്.
കടുത്ത പനി, ശരീരവേദന, ഛര്‍ദ്ദി, ശരീരത്തിന് പുറത്തും അകത്തുമായി രക്തസ്രാവം, മസ്തിഷ്കജ്വരം, നാഡീവ്യവസ്ഥയുടെ സ്തംഭനം എന്നിവയാണ് മാര്‍ബര്‍ഗ് വൈറസ് ബാധയുടെ ലക്ഷണങ്ങള്‍. 1967ല്‍ ജര്‍മ്മനിയിലെ മാര്‍ബര്‍ഗ് നഗരത്തിലാണ് ആദ്യമായി ഈ വൈറസ് കണ്ടെത്തുന്നത്. അങ്ങനെയാണ് ഇതിന് ഈ പേര് ലഭിക്കുന്നത്.