ലഖ്നോ: ബി.ജെ.പി മുൻ ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാക്കെതിരെ ആക്ഷേപകരമായ പരാമർശം നടത്തിയെന്നാരോപിച്ചുള്ള മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവും എം.പിയുമായ രാഹുൽ ഗാന്ധി ജൂലൈ 26ന് നേരിട്ട് ഹാജരാകണമെന്ന് എം.പി-എം.എൽ.എ കോടതി.
ചൊവ്വാഴ്ചയാണ് രാഹുൽ ഗാന്ധി കോടതിയിൽ ഹാജരാകേണ്ടിയിരുന്നതെങ്കിലും പാർലമെന്‍റ് സമ്മേളനം നടക്കുന്നതിനാൽ ഹാജരാകാനായില്ല. കോടതിയിൽ ഹാജരായ രാഹുലിന്‍റെ അഭിഭാഷകൻ കാശി പ്രസാദ് ശുക്ല വാദം കേൾക്കാൻ പുതിയ തീയതി ആവശ്യപ്പെടുകയായിരുന്നു.
അമിത് ഷാക്കെതിരായ ആക്ഷേപകരമായ പരാമർശങ്ങളുടെ പേരിൽ 2018ലാണ് രാഹുൽ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. ബി.ജെ.പി നേതാവ് വിജയ് മിശ്രയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.