ജയ്പൂരിലെ അജ്മീർ റോഡിൽ സുദർശൻപുര പുലിയയിലേക്ക് പോകുകയായിരുന്ന ഡ്രൈവറില്ലാത്ത ഒരു കാര്‍ തീപിടിച്ച് ഉരുണ്ടെത്തിയെത് ആള്‍ക്കൂട്ടത്തിനിടയിലേക്ക്. സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട വീഡിയോയില്‍ ഒരു ഫ്ലൈ ഓവറിന് മുകളിലൂടെ ഏതാണ്ട് പൂര്‍ണ്ണമായും കത്തിക്കൊണ്ടിരിക്കുന്ന ഒരു കാര്‍ നീങ്ങി നിരങ്ങി താഴേക്ക് പോകുന്നത് കാണിക്കുന്നു. വീഡിയിയോല്‍ കാത്തിക്കൊണ്ടിരിക്കുന്ന വാഹനം മുന്നോട്ട് നീങ്ങുമ്പോള്‍ റോഡിലൂടെ പോവുകയായിരുന്ന ബൈക്കുകളിലും മറ്റും ഇടിക്കുന്നതും കാണാം.
ടൈംസ് ഓഫ് ഇന്ത്യ ഏതാനും മിനിറ്റുകള്‍ക്ക് മുമ്പ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയിലാണ് ഭയാനക ദൃശ്യങ്ങളുള്ളത്. ഫ്ലൈ ഓവറിലൂടെ കത്തിക്കൊണ്ടിരിക്കുന്ന കാര്‍ മുന്നോട്ട് നീങ്ങുമ്പോള്‍ ധാരാളം ബൈക്കുകളെയും ആളുകളെയും റോഡില്‍ കാണാം. കാര്‍ ഇടയ്ക്ക് ഒന്നു രണ്ട് ബൈക്കുകളെ ഉരസികടന്ന് പോകുന്നു. താഴെ പോലീസ് അടക്കം നിരവധി പേര്‍ കാത്ത് നില്‍ക്കുമ്പോള്‍ അവര്‍ക്കിടയിലേക്ക് കാര്‍ ഉരുണ്ടിറങ്ങുന്നതും വീഡിയോയില്‍ കാണാം. അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ലെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
സുദർശൻപുര പുലിയയിലെ മാനസരോവറിലെ ജേണലിസ്റ്റ് കോളനിയിലുള്ള ദിവ്യ ദർശന്‍ അപ്പാർട്ട്മെന്‍റിലെ താമസക്കാരനായ ജിതേന്ദ്ര ജംഗിദ് ആണ് കാർ ഓടിച്ചിരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എലിവേറ്റഡ് റോഡിലേക്ക് ഇറങ്ങുമ്പോഴാണ് വാഹനത്തിന്‍റെ എയർ കണ്ടീഷനിംഗ് യൂണിറ്റിൽ നിന്ന് പുക ഉയരുന്നത് ജിതേന്ദ്ര ശ്രദ്ധിച്ചത്. ഉടനെ തന്നെ അദ്ദേഹം സഹോദരനെ വിളിച്ചു. സഹോദരന്‍ പറഞ്ഞതനുസരിച്ച് ബോണറ്റ് ഉയര്‍ത്തിയപ്പോളാണ് എഞ്ചിനില്‍ നിന്നും തീ ഉയരുന്നത് കണ്ടത്. ഇതിനിടെ ഹാന്‍റ് ബ്രേക്ക് ഇട്ടിരുന്ന കാര്‍ പെട്ടെന്ന് മുന്നോട്ട് നീങ്ങുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പിന്നാലെ ഫ്ലൈ ഓവറിന്‍റെ ചരിവിലൂടെ വാഹനം മൂന്നോട്ട് നീങ്ങുകയായിരുന്നു. പോലീസ് അറിയിച്ചതനുസരിച്ച് 22 ഗോദാമിൽ നിന്ന് അഗ്നിശമന സേന എത്തി കാറിന്‍റെ തീ അണച്ചു. അതിനകം കാർ ഏതാണ്ട് പൂര്‍ണ്ണമായും കത്തിയമര്‍ന്നിരുന്നു.