തിരുവല്ല (പത്തനംതിട്ട): തിരുവല്ലയിലെ നെടുമ്പ്രത്ത് ഗർഭിണിയായ 19കാരിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ച സംഭവത്തിൽ ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റിൽ. ഡി.വൈ.എഫ്.ഐ വൈക്കത്തില്ലം യൂണിറ്റ് പ്രസിഡന്‍റ് നെടുമ്പ്രം വൈക്കത്തില്ലം വാഴപ്പറമ്പിൽ വീട്ടിൽ ശ്യാം കുമാർ (29)നെയാണ് പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച പുലർച്ചെ മൂന്നു മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ജോലിയുടെ ഭാഗമായി ഭർത്താവ് പുറത്തു പോയിരുന്ന സമയത്ത് വീട്ടിൽ അതിക്രമിച്ച് കടന്ന ശ്യാം കുമാർ ബലാൽകാരമായി പീഡിപ്പിച്ചെന്ന് പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതി പരാതിയിൽ പറയുന്നു.
യുവതി പൊലീസിൽ പരാതി നൽകിയതറിഞ്ഞ് ഒളിവിൽ പോയ പ്രതിയെ ഇന്ന് പുലർച്ചയോടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വൈകിട്ട് പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് സി.ഐ ഇ. അജീബ് പറഞ്ഞു.












