ന്യൂഡല്‍ഹി: മദ്യനയക്കേസിൽ ഡല്‍ഹി ഹൈകോടതിയില്‍നിന്ന് തിരിച്ചടി നേരിട്ട ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിയിൽ എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെത്തി. അറസ്റ്റില്‍നിന്നും ഇടക്കാല സംരക്ഷണം നല്‍കാനാവില്ലെന്ന് ഹൈകോടതി അറിയിച്ചതിന് പിന്നാലെയാണ് ഇ.ഡി നീക്കം.2021-22-ലെ ഡൽഹി മദ്യനയത്തിന്റെ രൂപവത്കരണ സമയത്ത് കേസിലെ പ്രതികള്‍ കെജ്‌രിവാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടിരുന്നുവെന്നും കേസിന്റെ കുറ്റപത്രത്തില്‍ പലതവണ കെജ്‌രിവാളിന്റെ പേര് പരാമര്‍ശിക്കപ്പെടുന്നുണ്ടെന്നാണ് ഇ.ഡിയുടെ വാദം. കേസുമായി ബന്ധപ്പെട്ട് എ.എ.പി. നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിങ്, പാര്‍ട്ടിയുടെ കമ്യൂണിക്കേഷന്‍ ഇന്‍-ചാര്‍ജ് വിജയ് നായര്‍, ചില മദ്യവ്യവസായികള്‍, തെലങ്കാനയിലെ ബി.ആര്‍.എസ്. നേതാവ് കെ. കവിത എന്നിവരെ ഇ.ഡി. നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഒമ്പത് സമന്‍സുകളാണ് ഇ.ഡി ഇതുവരെ അരവിന്ദ് കെജ്‌രിവാളിന് അയച്ചത്. എന്നാല്‍ ഇ.ഡിക്ക് മുന്നില്‍ ഹാജരാകാന്‍ അദ്ദേഹം ഇതുവരെ തയ്യാറായിട്ടില്ല. തുടര്‍ച്ചയായി സമന്‍സുകൾ അയക്കുന്നതിനെതിരെ എ.എ.പി ദേശീയ കണ്‍വീനർ കൂടിയായ കെജ്‌രിവാള്‍ ഹൈകോടതിയെ സമീപിക്കുകയായിരുന്നു.
കേസ് പരിഗണിച്ച ജസ്റ്റിസുമാരായ സുരേഷ് കുമാര്‍ കൈറ്റും മനോജ് ജെയിനും അടങ്ങുന്ന ബെഞ്ച് ഏപ്രില്‍ 22ന് വാദം കേള്‍ക്കും. ഇ.ഡി നല്‍കിയ രണ്ട് പരാതികളില്‍ ഡല്‍ഹിയിലെ കോടതിയില്‍നിന്ന് കെജ്രിവാളിന് ജാമ്യം ലഭിച്ചിരുന്നു. തുടർന്നാണ് ഇ.ഡി ഒമ്പതാമത്തെ സമന്‍സ് അയച്ചത്. നേരത്തേ അയച്ച എട്ടില്‍ ആറ് സമന്‍സുകളും അവഗണിച്ചതിനെതിരെയായിരുന്നു പരാതി.